കുട്ടികൾക്ക് നൽകാം പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ
കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മിക്കപ്പോഴും കുട്ടികൾക്ക് ഇഷ്ടപെട്ട ഭക്ഷണങ്ങൾ വാങ്ങി നല്കാൻ സാധിക്കില്ല. എന്നാൽ അവർക്ക് പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശീലിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. പച്ചക്കറികൾ, പഴവർഗങ്ങൾ, ഇലക്കറികൾ, നട്സ് എന്നിവയാണ് പ്രധാനമായും കുട്ടികളെ കഴിക്കാൻ ശീലിപ്പിക്കേണ്ടത്. കുട്ടികൾ മിക്കപ്പോഴും ഇത്തരം ഭക്ഷണം കഴിക്കാൻ മടികാണിക്കും. എന്നാൽ അവർക്ക് ഇഷ്ടപെട്ട രീതിയിൽ ഭക്ഷണം ഉണ്ടാക്കി നൽകിയാൽ കുട്ടികൾ ഭക്ഷണം കഴിക്കാൻ മടികാണിക്കില്ല. കുത്തിനിറച്ച് ഭക്ഷണം നൽകുന്നതിന് പകരം പോഷക ഗുണങ്ങൾ നിറഞ്ഞ ഭക്ഷണം നല്കാൻ പ്രത്യേക ശ്രദ്ധ വേണം.
മിക്ക മാതാപിതാക്കളുടെയും ഏറ്റവും വലിയ പ്രശ്നമാണ് കുട്ടികളുടെ ഭക്ഷണകാര്യം. കുട്ടികൾ ഭക്ഷണം കഴിക്കാൻ മടികാണിക്കുന്നതിന്റെ കാരണം മനസിലാക്കിവേണം അത് പരിഹരിക്കാൻ. കുട്ടികൾക്ക് രാവിലത്തെ ഭക്ഷണം നൽകുമ്പോഴാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. നല്ല പഠനനിലവാരം പുലർത്താൻ പ്രഭാതഭക്ഷണം അത്യാവശ്യമാണെന്ന് പല പഠനത്തിലും പറയുന്നുണ്ട്. കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ പ്രഭാത ഭക്ഷണത്തിന് കഴിയും. അതുകൊണ്ടുതന്നെ രാവിലത്തെ ഭക്ഷണത്തിൽ പാൽ, മുട്ട, ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം.
പകൽ സമയങ്ങളിൽ ചെറിയ ഭക്ഷണമാണ് നല്ലത്. പഴ വർഗങ്ങൾ, പുഴുങ്ങിയ പയർ വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, ബദാം, അവൽ നനച്ചത് എന്നിവ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ സ്കൂളുകളിലേക്ക് ഭക്ഷണം കൊടുത്തുവിടുമ്പോൾ ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങൾ കുട്ടികൾക്ക് നല്കാൻ ശ്രദ്ധിക്കണം. വ്യത്യസ്ത രീതിയിൽ ഇവ തയാറാക്കി നൽകുന്നത് കുട്ടികളിൽ ഭക്ഷണത്തോട് ഇഷ്ടം ഉണ്ടാകാൻ സഹായിക്കും.
Read also: എന്തൊരു ക്യൂട്ടാണ് ഈ അമ്മയും മകളും; വൈറലായി മന്യയുടെ ചിത്രങ്ങൾ
കുട്ടികളുടെ ഭക്ഷണത്തില്‍ അന്നജം, പ്രോട്ടീന്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, പാല് എന്നിവ നിര്‍ബന്ധമായും അടങ്ങിയിരിക്കണം. എന്നാൽ ഇവ നേരിട്ട് നൽകിയാണ് കുട്ടികൾ കഴിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഇവ വ്യത്യസ്തമായ രീതിയിൽ രസകരമായ രീതിയിൽ പാകം ചെയ്ത് വേണം കുട്ടികൾക്ക് നല്കാൻ.
രാത്രിയിൽ ഭക്ഷണം എട്ട് മണിക്ക് മുമ്പേ നല്‍കണം. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷം മാത്രമേ ഉറങ്ങാൻ പാടുള്ളു. വെള്ളം നന്നായി കുടിക്കേണ്ടതും കുട്ടികളുടെ വളർച്ചയിൽ അനിവാര്യമാണ്.