കുടവയർ ഇല്ലാതാക്കാൻ ചില പൊടികൈകൾ

July 31, 2019

ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് പൊണ്ണത്തടി. എന്നാൽ ഇതിനേക്കാൾ മാരകമായ മറ്റൊരു അവസ്ഥയാണ് കുടവയർ. ഇന്നത്തെ ജീവിത സാഹചര്യം മൂലം മിക്കവരെയും അലട്ടുന്ന ഒന്നായി മാറിയിരിക്കുകയാണ് കുടവയർ. സാധാരണയായി സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.എന്നാൽ ഇപ്പോൾ സ്ത്രീകളിലും കുടവയർ കാണാറുണ്ട്. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയാണ് കുടവയർ അഥവാ അബ്‌ഡോമിനൽ ഒബീസിറ്റി ഉണ്ടാകുന്നത്. ഇത് മിക്കപോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും മാനസീക പ്രശ്നങ്ങൾക്കും വരെ കാരണമാകാറുണ്ട്.

കുടവയർ കുറയ്ക്കാൻ ചില എളുപ്പവഴികൾ എന്തൊക്കെയെന്ന് നോക്കാം.  കുടവയർ കുറയ്ക്കുന്നത് അമിതമായി ഭക്ഷണം വലിച്ചുവാരി കഴിക്കുന്നതുകൊണ്ടല്ല, എങ്കിലും ഭക്ഷണ കാര്യത്തിൽ അല്പമൊന്ന് ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കുടവയർ ഇല്ലാതാക്കാം. വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിവതും ഒഴിവാക്കണം. രാസപദാർത്ഥങ്ങൾ ചേർത്ത ഭക്ഷണങ്ങൾ, എണ്ണയിൽ പൊരിച്ചെടുത്തവ എന്നിവയാണ് ഇതിൽ പൂർണമായും ഒഴിവാക്കേണ്ടത്.

ശീതളപാനീയങ്ങൾ കഴിവതും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ശീതളപാനീയങ്ങൾ ശീലമാക്കുന്നതോടെ അമിതവണ്ണത്തിനും വിസറൽ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും ഇത് കാരണമാകും. ഈ പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് കോൺസിറപ്പ് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇവ ആവശ്യത്തിലധികമായി ശരീരത്തിൽ എത്തിയാൽ ഇത് കരളിൽ കൊഴുപ്പായി അലിഞ്ഞുചേരും.

വയർ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒഴിവാക്കേണ്ട മറ്റൊന്നാണ് ചോറ്, അഥവാ അരി ആഹാരം. ഇവയിൽ കാർബോ ഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് കഴിവതും കുറയ്ക്കണം. ചോറ് പൂണ്ണമായും ഒഴിവാക്കുന്നതിനു പകരം ചോറിന്റെ അളവ് കുറയ്ക്കുക. അല്ലെങ്കിൽ ചോറ് കഴിക്കുന്നത് ഒരു നേരമായി കുറയ്ക്കുക. കൂടുതലും സാലഡ് കഴിക്കുന്നത് വയർ കുറയ്ക്കാനും ആരോഗ്യത്തിനും സഹായിക്കും.