‘മിഷന് മംഗള്‍’ തിയേറ്ററുകളിൽ; മികച്ച അനുഭവമാണ് ബോളിവുഡില്‍ ലഭിച്ചതെന്ന് നിത്യ മേനോൻ
അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മിഷന് മംഗള്‍. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ഇത്. ജഗന് ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രം ഇന്ന് റിലീസ് ചെയ്യുമ്പോൾ ബോളിവുഡിലെ മികച്ച അനുഭവം പങ്കുവയ്ക്കുകയാണ് നിത്യ മേനോൻ. ഐഎസ്ആര്‍ഒയിലെ ഒരു സാറ്റ്ലൈറ്റ് ഡീസൈനറായാണ് നിത്യ ചിത്രത്തിലെത്തുന്നത്.
ബോളിവുഡില്‍ വളരെ മികച്ച അനുഭവമാണ് ലഭിച്ചതെന്നു നിത്യ മേനോന് പറയുന്നു. ബോളിവുഡിലെ ആദ്യ സിനിമ മിഷന് മംഗള്‍ ആയതില്‍ അഭിമാനമുണ്ടെന്നും താന്‍ സന്തോഷവതിയാണെന്നും നിത്യ മേനോന് പറഞ്ഞു. ചിത്രീകരണത്തിനിടെ എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാറുള്ളതെന്നും ലൊക്കേഷന്‍ അനുഭവങ്ങള്‍ മികച്ചതാണെന്നും നിത്യ നേരത്തെ പറഞ്ഞിരുന്നു.
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്റെ കഥയാണ് മിഷന് മംഗള്‍ എന്ന സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. അതേസമയം മാര്‍സ് ഓര്‍ബിറ്റല്‍ മിഷന് പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള വനിതാ എഞ്ചിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുള്ള ആദരവ് കൂടിയാണ് മിഷന് മംഗള്‍ എന്ന സിനിമ എന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയ്ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
‘ചൊവ്വയിലേക്ക് നാസ ഉപഗ്രഹം വിക്ഷേപിച്ചപ്പോള്‍ ചിലവായത് 6000 കോടി രൂപയാണ്. എന്നാല്‍ ഐഎസ്ആര്‍ഒയ്ക്ക് ചിലവായത് 450 കോടി രൂപയാണ്. ഇത് വളരെകുറച്ച് പേര്‍ക്ക് മാത്രമേ അറിയൂ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാന്‍ ഈ സിനിമ ഏറ്റെടുത്തത് എന്നും അക്ഷയ് അക്ഷയ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
ഐഎസ്ആര്‍ഒയിലെ പതിനേഴോള ശാസ്ത്രജ്ഞരും എഞ്ചിനിയര്‍മാരും മാര്‍സ് ഓര്‍ബിറ്റല്‍ മിഷന് പ്രൊജക്ടിന്റെ ഭാഗമായി. വനിതാ ശാസ്ത്രജ്ഞരുടെ യഥാര്‍ത്ഥ ജീവിത കഥ വെള്ളിത്തിരയില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ അത്ഭുതപ്പെടും എന്നും അക്ഷയ് കുമാര്‍ പറഞ്ഞു. വിദ്യാബാലന്, സോനാക്ഷി സിന്‍ഹ, തപ്സി, നിത്യ മേനോന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.