കാരുണ്യത്തിന്റെ പ്രതീകമായ നൗഷാദിനെ പ്രശംസിച്ച് ഒരു സ്കോട്ടിഷ് ഗായകൻ; വീഡിയോ
കേരള ജനതയ്ക്ക് കാരുണ്യത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് നൗഷാദ് എന്ന പേര്. ദുരിതബാധിതർക്ക് നേരെ സഹായ ഹസ്തവുമായി എത്തിയ നൗഷാദ് എന്ന വഴിയോര കച്ചവടക്കാരൻ ഇതിനോടകം കേരള ജനതയുടെ ഹൃദയത്തിൽ സ്ഥാനം നേടികഴിഞ്ഞു. തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും ചാക്കുകളിൽ കെട്ടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകിയ നൗഷാദിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് എത്തിയത്. ഇപ്പോഴിതാ നൗഷാദിന്റെ നന്മ നിറഞ്ഞ പ്രവർത്തിയോടുള്ള നന്ദി സൂചകമായി മലയാളത്തിൽ ഒരു ഗാനമാലപിച്ചിരിക്കുകയാണ് സ്കോട്ടിഷ് ഗായകനായ സാജ് സാബ്രി. കഴിഞ്ഞ വർഷവും പ്രളയബാധിത കേരളത്തിന് ഐക്യദാർഢ്യവുമായി ഇദ്ദേഹം എത്തിയിരുന്നു.
കുറച്ചു ദിവസം മുന്നെയാണ് ദുരിതത്തിലകപ്പെട്ട വയനാട്, മലപ്പുറം ഭാഗത്തേക്ക് സാധനങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി കുസാറ്റിലെ കുട്ടികളും നടൻ രാജേഷ് ശർമ്മയും സംഘവും എറണാകുളം ബ്രോഡ് വേയിൽ എത്തിയിരുന്നു. കടകളിൽ സഹായമന്വേഷിച്ച് എത്തിയ ഇവരെ തന്റെ കടയിലേക്ക് വിളിച്ചുകൊണ്ടുപോയി പെരുന്നാൾ കച്ചവടത്തിനായി എത്തിച്ച മുഴുവൻ വസ്ത്രങ്ങളും ചാക്കുകളിൽ കെട്ടി ഇവർക്ക് നൽകുകയായിരുന്നു നൗഷാദ്. ‘നമ്മൾ വന്നപ്പോൾ ഒന്നും കൊണ്ടുവന്നില്ലല്ലോ, പോകുമ്പോഴും ഒന്നും കൊണ്ടുപോകുന്നില്ല, ഉപകാരപ്പെടുന്നവർക്ക് ഉപകാരപ്പെടട്ടെ എന്നായിരുന്നു നൗഷാദ് പറഞ്ഞത്.