പ്രണയം പറഞ്ഞ് വിജയ്‌യും നയൻസും; യുട്യൂബ് ട്രെൻഡിങ്ങിൽ മുന്നിലെത്തി ‘ബിഗിലി’ലെ ഗാനം, വീഡിയോ

September 26, 2019

പാട്ട് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് വിജയ്- നയൻ താര താരജോഡികൾ ഒന്നിക്കുന്ന ബിഗിൽ എന്ന ചിത്രത്തിലെ മനോഹരഗാനം. ചിത്രത്തിലെ ഉനക്കാകെ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇതിനോടകം അരക്കോടിയിലധികം കാഴ്ച്ചക്കാരുമായി യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ്. എ ആര്‍ റഹ്മാന്റെ മാന്ത്രിക സംഗീതം തന്നെയാണ് ഈ ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. അതേസമയം ചിത്രത്തിന്റെ വീഡിയോ ഗാനത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

‘തെറി’, ‘മെര്‍സല്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി വിജയ് ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബിഗില്‍ എന്ന സിനിമയ്ക്കുണ്ട്. തികച്ചും വിത്യസ്തങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. സ്‌പോര്‍ട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് ബിഗില്‍. ഇത് ശരിവയ്ക്കുന്നതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും. ജേഴ്‌സി അണിഞ്ഞ് ഫുട്‌ബോളുമായി നില്‍ക്കുന്നതാണ് ചിത്രത്തിനുവേണ്ടിയുള്ള വിജയ്‌യുടെ ഒരു ലുക്ക്. ചിത്രത്തില്‍ വിജയ്‌യുടെ ഒരു കഥാപാത്രം ഫുട്‌ബോള്‍ പരിശീലകന്റേതാണ്. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കലിപ്പ് ഭാവമാണ് താരത്തിന്റെ മറ്റൊരു ലുക്ക്. ഈ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകന്റെ ഉള്ളില്‍ ആകാംഷ ഉണര്‍ത്തുന്നു വിജയ്‌യുടെ ഈ കലിപ്പ് ലുക്ക്.

എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. യോഗി ബാബു, ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.