ആകാംഷനിറച്ച് ജല്ലിക്കട്ട്; ശ്രദ്ധനേടി ടീസർ

September 20, 2019

ലോകം മുഴുവനുമുള്ള സിനിമ പ്രേമികൾ ഉറ്റുനോക്കുകയാണ് ജല്ലിക്കട്ട് എന്ന ലിജോ ജോസ് ചിത്രത്തിലേക്ക്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിലൂടെ വിരിയുന്ന വിസ്മയങ്ങൾ മലയാള സിനിമ എന്നും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആകാംഷയും സസ്‌പെൻസും നിറച്ചാണ് ടീസർ ഒരുക്കിയിരിക്കുന്നത്.

വിനായകനെ നായകനാക്കി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയതുമുതൽ ആരാധകരുടെ ആകാംഷ വാനോളമാണ്. ഓരോ സിനിമയിലും വ്യത്യസ്ഥത പരീക്ഷിക്കുന്ന സംവിധായകന്റെ പുതിയ ചിത്രത്തിന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. 2019 ൽ മലയാള സിനിമ പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് ജല്ലിക്കെട്ട്.

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗംഭീര അഭിപ്രായം നേടിയ ജെല്ലിക്കെട്ടിനെ വാനോളം പുകഴ്ത്തി അന്താരാഷ്ട്ര മാധ്യമങ്ങളും പ്രശ്‌സത സിനിമാ നിരൂപകരും രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം ഇപ്പോൾ ലോകോത്തര വെബ്സൈറ്റായ റോട്ടൻടൊമാറ്റോയിലും ഇടംനേടിയിരിക്കുകയാണ്. ടൊറന്റോയിൽ ഹൊറർ, സയൻസ്ഫിക്‌ഷൻ വിഭാഗത്തിലാണ് ചിത്രം ഇടം നേടിയിരിക്കുന്നത്. ഈ ഗണത്തിൽ പ്രദർശിപ്പിച്ച നൂറ് കണക്കിന് ചിത്രങ്ങളിൽ നിന്നാണ് മികച്ച പത്തു ചിത്രങ്ങളിൽ ഒന്നായി ജെല്ലിക്കെട്ട് തിരഞ്ഞെടുക്കപ്പെട്ടത്.

നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.