നട്‌സും ഹൃദയവും; അറിയാം ചില ആരോഗ്യകാര്യങ്ങൾ

September 6, 2019

നട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് മിക്കവർക്കും അറിയാമെങ്കിലും ഇതിനെ വേണ്ടത്ര ഗൗരവത്തോടെ പലരും കരുതാറില്ല. എന്നാൽ അടുത്തിടെ പാരീസിലെ ‘ഇ എസ് സി കോണ്‍ഗ്രസ് 2019’ല്‍ ആരോഗ്യ വിദഗ്ധര്‍ അവതരിപ്പിച്ച ഒരു റിപ്പോർട്ട് പ്രകാരം നട്‌സ് കഴിക്കുന്നത് ഹൃദയ സംബന്ധമായ എല്ലാ രോഗങ്ങൾക്കും മികച്ച പ്രതിവിധിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നട്സിൽ അപൂരിതമായ കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനുമെല്ലാം ഏറെ പ്രയോജനം നല്‍കുന്നവയാണ് ഇവ. നട്സിൽ അടങ്ങിയിരിക്കുന്ന  മോണോസാച്വറേറ്റഡ് ഫാറ്റ്,  പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ ഹൃദയത്തിന് അത്യുത്തമമാണ്. വൈറ്റമിന്‍ ഇ ഹൃദയരോഗങ്ങള്‍ ചെറുക്കും. മഗ്നീഷ്യം ഹൃദയാഘാതം ചെറുക്കാന്‍ സഹായിക്കും. രക്തധമനികള്‍ക്ക് തകരാറു പറ്റുന്നതു തടയാനും ഇത് നല്ലതാണ്. അതുകൊണ്ടുതന്നെ നട്‌സ് ശീലമാക്കുന്നത് ഹൃദയത്തെ സംരക്ഷിക്കുന്നതിന് സഹായകമാകും.

Read also: വീണ്ടും സോഷ്യൽ മീഡിയയിൽ താരമായി ടൊവിനോ; ‘നിങ്ങൾ മഴ നനയുമ്പോൾ ഞാൻ എങ്ങനെ കുട ചൂടും’, വീഡിയോ

കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത, വാള്‍നട്‌സ്, ഉണക്ക മുന്തിരി എന്നിവയെല്ലാം ആരോഗ്യ സംരക്ഷണം ഉറപ്പ് നൽകുന്ന ഭക്ഷ്യ വസ്തുക്കളാണ്. ദിവസവും മിതമായ അളവില്‍ ഡ്രൈ ഫ്രൂട്സ് കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നു.

ദിവസവും നട്‌സ് കഴിയ്ക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ ഗുണകരമാണ്. വിളര്‍ച്ച പ്രശ്‌നങ്ങളുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന മികച്ച ഭക്ഷണ വസ്തുവാണ് നട്‌സ്. ഇവ അയേണ്‍ സമ്പുഷ്ടമാണ്. അനീമിയ പോലുളള പ്രശനങ്ങള്‍ അകറ്റാന്‍ ഉത്തമമാണ് ഡ്രൈ നട്‌സും ഫ്രൂട്‌സും. പ്രത്യേകിച്ചും ഈന്തപ്പഴം, ഉണക്ക മുന്തിരി പോലുള്ളവ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.