ആലാപനത്തിലും അഭിനയത്തിലും അതിശയിപ്പിച്ച് ധനുഷ്; കൈയടി നേടി അസുരനിലെ പാട്ട്: വീഡിയോ

October 29, 2019

മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് അസുരന്‍. ധനുഷ് നായക കഥാപാത്രമായെത്തുന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു. ചിത്രത്തിലെ ‘പൊള്ളാതെ ഭൂമി…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. യുഗഭാരതിയുടേതാണ് ഗാനത്തിലെ വരികള്‍. ജി വി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ധനുഷ്, കെന്‍ കരുണാസ്, റ്റി ജെ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അഭിനയത്തിനൊപ്പം ധനുഷിന്റെ ആലാപനത്തെയും പുകഴ്ത്തുകയാണ് പ്രേക്ഷകര്‍.

അതേസമയം മലയാളികളും ഏറ്റെടുത്ത ചിത്രമാണ് അസുരന്‍. മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍ അസുരന്‍ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നു. അസുരനിലെ മഞ്ജു വാര്യരുടെ അഭിനയവും പ്രശംസനീയമാണ്. ചിത്രത്തിനു വേണ്ടിയുള്ള മഞ്ജു വാര്യരുടെ മെയ്ക്ക് ഓവറും ശ്രദ്ധ നേടിയിരുന്നു. അതേസമയം 1998 ല്‍ പുറത്തിറങ്ങിയ കന്മദം എന്ന ചിത്രത്തിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രത്തെ ഓര്‍മ്മ വരുന്നുണ്ടെന്നാണ് കൂടുതല്‍ ആളുകളും താരത്തിന്റെ പുതിയ മെയ്ക്ക് ഓവറിന് നല്‍കുന്ന കമന്റ്. വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

Read more:മോഹന്‍ലാലും തിലകനും സുരേഷ് ഗോപിയും…കൈയടിക്കാതിരിക്കാനാവില്ല ഈ അനുകരണത്തിന് മുമ്പില്‍: വീഡിയോ

തമിഴ് നോവലിസ്റ്റ് പൂമണി രചിച്ച ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘അസുരന്‍’ ഒരുക്കിയിരിക്കുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് അസുരന്റെ നിര്‍മ്മാണം. ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും അസുരനുണ്ട്. ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അസുരനില്‍ പച്ചൈമ്മാള്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.