ഹൃദയാഘാതത്തെ ചെറുക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം

October 25, 2019

പ്രായമായവരില്‍ മാത്രമല്ല യുവാക്കളിലും ഇക്കാലത്ത് ഹൃദയാഘാതങ്ങള്‍ അധികമായി കണ്ടുവരുന്നു. ജീവിത ശൈലിയിലെ മാറ്റങ്ങളും ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവുമൊക്കെയാണ് പലപ്പോഴും ഹൃദയാഘാതങ്ങളിലേയ്ക്ക് വഴി തെളിയ്ക്കുന്നത്. ഹൃദയത്തെ ആരോഗ്യപൂര്‍ണ്ണമായി സൂക്ഷിക്കാന്‍  ഭക്ഷണകാര്യത്തിലും ഒരല്പം ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

നട്‌സ്: ആരോഗ്യ പൂര്‍ണ്ണമായ ഹൃദയത്തിന് നട്‌സ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. നട്‌സുകളില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയാഘാതത്തെ ഒരു പരിധിവരെ ചെറുക്കാന്‍ സഹായിക്കുന്നു.

മുട്ട: പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന മുട്ട ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യും. ദിവസവും ഒരു മുട്ട കഴിക്കുന്നതാണ് നല്ലത്. ഒന്നിലധികം മുട്ടകള്‍ തുടര്‍ച്ചയായി കഴിക്കുന്നത് ആരോഗ്യകരമല്ല.

Read more:കുഞ്ഞനുജത്തിക്കായി ഒരു സ്‌നേഹത്താരാട്ട്: വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയുടെ കൈയടി

ഇലക്കറികള്‍: ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് ഇലക്കറികളും. പച്ച നിറത്തിലുള്ള ഇലക്കറികളാണ് കൂടുതല്‍ ഉത്തമം. അമിതമായ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയ ധമനികള്‍ക്ക് സംരക്ഷണം നല്‍കാനും പച്ച നിറത്തിലുള്ള ഇലക്കറികള്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ദിവസേന നിശ്ചിത അളവില്‍ ഇലക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കണം. നാരുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഹൃദയാഘാതത്തെ ചെറുക്കാന്‍ സഹായിക്കും.

അതുപോലെതന്നെ ഭക്ഷണത്തില്‍ അമിതമായി ഉപ്പ് ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായ അളവില്‍ ഉപ്പ് ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദ് രോഗത്തിന് കാരണമാകും. കൂടാതെ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ അധികം കഴിക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല.

ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ വ്യായാമത്തിനും വലിയ പങ്കുണ്ട്. ദിവസേന വ്യായാമം ശീലിക്കുന്നത് ഹൃദ് രോഗ സാധ്യതയെ ചെറുക്കാന്‍ സഹായിക്കുന്നു. ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഹൃദയാഘാതത്തെ ചെറുക്കാന്‍ സാധിക്കും.