കാളിദാസ് ജയറാം നായകനായി ‘ഹാപ്പി സര്‍ദാര്‍’; ഗാനത്തിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു

October 29, 2019

കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഹാപ്പി സര്‍ദാര്‍. ദമ്പതിമാരായ സുദീപും ഗീതികയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ഈ ചിത്രം. കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നതും. ഹസീബ് ഹനീഫാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഹാപ്പി സര്‍ദാറിലെ പുതിയ ഗാനം. ചിത്രത്തിലെ ‘ഹേയ് ഹലേ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. നരേഷ് അയ്യരാണ് ആലാപനം. മികച്ച പ്രതികരണമാണ് ഗാനത്തിന്റെ ടീസറിന് ലഭിക്കുന്നതും.

Read more:‘ആ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്തുവച്ച് സമൂഹത്തോട് അവൾ വിളിച്ചുപറഞ്ഞു ഞങ്ങൾക്ക് നീതി വേണം’; ഹൃദയംതൊട്ട് സന്തോഷ് കീഴാറ്റൂരിന്റെ നാടകം, വീഡിയോ

ചിത്രത്തിന്റേതായി അടുത്തിടെ മറ്റ് ഗാനങ്ങളും പുറത്തെത്തിയിരുന്നു. ‘ഷാദി മേന്‍ ആനാ’ എന്ന് തുടങ്ങുന്ന ഗാനത്തിനും ‘ഞാനാകു പൂവില്‍…’ എന്നു ആരംഭിക്കുന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്. കുടുംബവും പ്രണയവുമൊക്കെ പശ്ചാത്തലമാക്കിയാണ് ഈ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ക്‌നാനായ പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ക്‌നാനായ പെണ്‍കുട്ടിയായി ചിത്രത്തില്‍ വേഷമിടുന്നത് മെറിന്‍ ഫിലിപ്പാണ്. ‘പൂമരം’ എന്ന ചിത്രത്തിലും മെറിന്‍ കാളിദാസിനൊപ്പം അഭിനയിച്ചിരുന്നു. ശ്രീനാഥ് ഭാസി, സുരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, പിഷാരടി, ബാലു വര്‍ഗീസ്, ധര്‍മ്മജന്‍, പ്രവീണ, ശാന്തി കൃഷ്ണ, സിദ്ധിഖ്, ജാവേദ് ജഫ്രി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.