പ്രധാന കഥാപാത്രമായി ആന്റണി വർഗീസ്; ‘അജഗജാന്തരം’ ചിത്രീകരണം ആരംഭിച്ചു
പേരിൽ തന്നെ വ്യത്യസ്തത പുലർത്തുന്ന ചിത്രമാണ് ടിനു പാപ്പച്ചൻ- ആന്റണി വർഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘അജഗജാന്തരം’. ‘സ്വാതന്ത്ര്യം അർദ്ധരാത്രി’ക്ക് ശേഷം പുതിയ സിനിമയിലൂടെ ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫും അജിത് തലപ്പിള്ളിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസിന് പുറമെ ചെമ്പൻ വിനോദ്, അർജുൻ അശോക്, സാബുമോൻ, സുധി കോപ്പ, ലുക്ക് മാൻ, ജാഫർ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശർമ്മ, ടിറ്റോ വിൽസൺ, വിജ്ലീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിന്റോ ജോർജ് ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പേരിലെ വ്യത്യസ്തത ചിത്രത്തിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ചെറിയ കാലയളവിനുള്ളിൽ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആന്റണി വർഗീസ് വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിക്കുന്ന ‘ജല്ലിക്കട്ട്’ എന്ന സിനിമയാണ് ആന്റണി വർഗീസിന്റേതായി വെള്ളിത്തിരയിൽ അവസാനമായി എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
ഇപ്പോഴിതാ താരത്തിന്റെ തമിഴ് അരങ്ങേറ്റമാണ് സമൂഹ മാധ്യമങ്ങളിലെ മറ്റൊരു ചർച്ചാവിഷയം. ആദ്യ ചിത്രം ഇളയ ദളപതി വിജയ്ക്കൊപ്പമാണെന്നുള്ളതാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി വില്ലനായെത്തുമെന്നാണ് സൂചന.