നവവധുവായി അണിഞ്ഞൊരുങ്ങി; ‘ആദ്യരാത്രി’ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് അനശ്വര

November 13, 2019

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് അനശ്വര രാജന്‍. താരം പ്രധാന കഥാപാത്രമായെത്തിയ ‘ആദ്യരാത്രി’ എന്ന ചിത്രവും തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി. ‘വെള്ളി മൂങ്ങ’ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനും സംവിധായകന്‍ ജിബു ജേക്കബ്ബും ഒരുമിച്ച ചിത്രമാണ് ‘ആദ്യരാത്രി’. അജു വര്‍ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

‘ആദ്യരാത്രി’ എന്ന ചിത്രത്തില്‍ അജു വര്‍ഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വിവാഹം ആലോചിക്കുന്ന പെണ്‍കുട്ടിയായാണ് അനശ്വര രാജനെത്തിയത്. സിനിമയില്‍ ഒരു നവ വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങുന്നുണ്ട് താരം. നവവധുവായി അണിഞ്ഞൊരുങ്ങിയ അനുഭവത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് അനശ്വര രാജന്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ.

Read more:ലാല്‍ജോസ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായി പൃഥ്വിരാജ്: വീഡിയോ

അനശ്വര രാജന്റെ വാക്കുകള്‍

‘കുട്ടിക്കാലത്ത് അമ്മയുടെ സാരിയും കുറച്ച് ആഭരണവുമൊക്കെ ധരിച്ച് വധുവിനെപ്പോലെ ഒരുങ്ങാറുണ്ടായിരുന്നു. വിവാഹത്തിലെ ഒരുക്കത്തെക്കുറിച്ചും ആലോചിക്കാറുണ്ടായിരുന്നു. സിനിമയില്‍ അത് സാധിച്ചു. എന്നാല്‍ സാരിയും ആഭരണങ്ങളുമൊക്കെ ധരിച്ച് അണിഞ്ഞൊരുങ്ങുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വിവാഹദിവസം എങ്ങനെയാണ് ഈ വസ്ത്രമൊക്കെ അണിഞ്ഞ് വധു ഇത്ര പുഞ്ചിരിയോടെ നില്‍ക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. 45 കിലോ തൂക്കുമുണ്ടായിരുന്ന ഞാന്‍ ‘ആദ്യരാത്രി’ എന്ന സിനിമയില്‍ സാരിയും ആഭരണങ്ങളുമൊക്കെ ധരിച്ചപ്പോള്‍ 60 കിലോയായി. സത്യത്തില്‍ ശരിയായവിധം ശ്വാസംവിടാന്‍ പോലും ഞാന്‍ ഏറെ പ്രയാസപ്പെട്ടു.’