ഡൽഹിയിലെ വായുമലിനീകരണം; ഭീകരാവസ്ഥ ലോക ശ്രദ്ധയിലെത്തിച്ച് ഡി കാപ്രിയോ
കുറച്ച് ദിവസങ്ങളായി വാർത്തകളിൽ ഇടം നേടുകയാണ് ഡൽഹിയിൽ രൂക്ഷമാകുന്ന വായു മലിനീകരണം. ഇപ്പോഴിതാ ഡൽഹിയിലെ വായുമലിനീകരണത്തിന്റെ ഭീകരാവസ്ഥ ലോക ശ്രദ്ധയിലെത്തിച്ചിരിക്കുകയാണ് ഹോളിവുഡ് നടന് ലിയനാര്‍ഡോ ഡി കാപ്രിയോ.
അഭിനയത്തിന് പുറമെ പരിസ്ഥിതിവിഷയങ്ങളിലും താരം ശ്രദ്ധാലുവാണ്. ‘എക്സ്റ്റിംഗ്ഷന്‍ റെബല്യന്‍’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ഡൽഹിയിലെ വായുമലിനീകരണത്തിന്റെ വാർത്തകൾ പങ്കുവെച്ചത്. ‘എനിക്ക് നല്ല ഭാവി വേണം’, ‘ശ്വസിക്കുമ്പോള്‍ ഞാന്‍ മരിക്കുകയാണ്’ എന്നിങ്ങനെയെഴുതിയ പ്ലക്കാർഡുകളാണ് പേജിൽ പങ്കുവെച്ചത്.
അതേസമയം കടുത്ത വായുമലിനീകരണത്തില്‍ അടിയന്തര നടപടികളാവശ്യപ്പെട്ട് 1500 ലേറെ പേരാണ് ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധിച്ചത്.
നേരത്തെ ആമസോണ്‍ മഴക്കാടിന്റെ സംരക്ഷണത്തിന് സഹായഹസ്തവുമായും താരം രംഗത്തെത്തിയിരുന്നു. ആമസോണ്‍ മഴക്കാടുകളിൽ അടിക്കടി ഉണ്ടാകുന്ന കാട്ടുതീ ലോകത്തിന്റെ പരിസ്ഥിതി സന്തുലനത്തിന് തന്നെ ഭീഷണിയായ സാഹചര്യത്തിൽ 35 കോടിയോളം രൂപ ധനസഹായവും താരം നൽകിയിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ആമസോണ്‍ മേഖലയില്‍ 74,000 ത്തിലധികം തീപിടുത്തങ്ങള്‍ ഉണ്ടായതായി പറയുന്നുണ്ട്.
എന്തായാലും സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ ഡികാപ്രിയോയെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.