യൂസഫ് യിഗിതായി ഹരിശങ്കർ; പേര് മാറ്റത്തിന് പിന്നിലെ സത്യം ഇതാണ്

November 26, 2019

മനോഹരമായ പാട്ടുകളിലൂടെ ആസ്വാദക ഹൃദയം കവർന്ന ഗായകനാണ് ഹരിശങ്കർ. നിരവധി സൂപ്പർഹിറ്റുകൾക്ക് ജന്മം നൽകിയ താരത്തിന്റെ പേര് മാറ്റത്തിന്റെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം മുതലാണ് ഹരിശങ്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കെ എസ് ഹരിശങ്കർ എന്ന പേര് യൂസഫ് യിഗിത് എന്ന നിലയിൽ കാണപ്പെട്ടത്. ഇത് കണ്ട് നിരവധി ആരാധകർ അദ്ദേഹം മതം മാറിയെന്ന് കരുതി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാനും സന്ദേശങ്ങൾ അയക്കാനും ശ്രമിച്ചിരുന്നു.

എന്നാൽ താൻ മതം മാറിയിട്ടില്ലെന്നും തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും വ്യക്തമാക്കുകയാണ് ഗായകൻ ഹരിശങ്കർ. പേജ് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 82,950 ഫോളോവേഴ്സ് ഉള്ള പേജാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം താരത്തിന്റെ പേര് മാറ്റത്തിന് പിന്നിലെ കഥ അറിയാൻ ഏറെ ആവേശത്തിലാണ് ആരാധകരും.