‘മൂത്തോന്’; നവംബര്‍ എട്ടിന് തിയറ്ററുകളിലേക്ക്
നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടുന്ന ചിത്രം നവംബര്‍ എട്ടിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നിവിന്‍ പോളി ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് മൂത്തോന്. മുംബൈയില്‍ വച്ചു നടന്ന ജിയോ മാമി ഫിലിം ഫെസ്റ്റിവലിലും മൂത്തോന് നിറഞ്ഞ കൈയടി നേടിയിരുന്നു. ഗീതു മോഹന്‍ദാസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്പെഷ്യല്‍ പ്രെസന്റേഷന് നിരയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും മികച്ച പ്രതികരണമാണ് മൂത്തോന് എന്ന ചിത്രത്തിന് ലഭിച്ചത്.
ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയിലേയ്ക്ക് പോകുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപിലും മുംബൈയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.
Read more:ഒരു ദിവസംകൊണ്ട് 20 ലക്ഷം കാഴ്ചക്കാര്‍ ‘മാമാങ്കം’ ട്രെയ്ലര് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
മൂത്തോന് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് രാജീവ് രവിയാണ്. പ്രശസ്ത ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് അനുരാഗ് കശ്യപ്.
ബി. അജിത്കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വ്വഹിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ്, വിനോദ് കുമാര്‍, അജയ് ജി റായ്, അലന് മാക്അലക്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
നിരൂപക പ്രശംസ നേടിയ ‘ലയേഴ്സ് ഡയസ്’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് മൂത്തോന്. നിവിന്‍ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷന് മാത്യു, ദിലീഷ് പോത്തന്, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനേതാക്കളായെത്തുന്നു.