സ്മാർട്ട് ഫോണും ആരോഗ്യ പ്രശ്നങ്ങളും

ഫോൺ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ തന്നെ ബുദ്ധിമുട്ടാണ് ഇന്നത്തെ തലമുറയ്ക്ക്. ആഗ്രഹിക്കുന്നതെല്ലാം വിരൽത്തുമ്പില്‍ എത്തിക്കാൻ സാധിക്കുന്നു എന്നതുതന്നെയാണ് ഇതിനെ ഇത്രമേൽ ജനപ്രിയമാക്കിയത്. ഒന്നും ഒമ്പതുമല്ല ഒരായിരം ഗുണങ്ങളുണ്ട് സ്മാർട്ട് ഫോണിന്. എന്നാൽ അമിതമായി മൊബൈൽ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചെറുതൊന്നുമല്ല. പൊണ്ണത്തടി, ഉറക്കക്കുറവ്, കാഴ്ചക്കുറവ്, ശരീര വേദന, അണുബാധ, ഏകാന്തത, ഏകാഗ്രതക്കുറവ്, കാൻസർ ഇങ്ങനെപോകുന്നു സ്മാർട്ട് ഫോൺ അമിതമായി ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ.
അഞ്ചു മണിക്കൂറിലധികം മൊബൈൽ ഉപയോഗിച്ചാൽ പൊണ്ണത്തടി പോലുള്ള അസുഖങ്ങൾ ഉണ്ടാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കൊളംബിയയിലെ സൈമൺ ബൊളിവർ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിലൂടെയാണ് അഞ്ചുമണിക്കൂറിലധികമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് പൊണ്ണത്തടിയ്ക്ക് ഉള്ള സാധ്യത 43 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയത്.
അമിതമായി ഫോൺ ഉപയോഗിക്കുന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ജീവിത ശൈലി രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് ഒപ്പം അകാല മരണം വരെ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നുണ്ട്.
ഉറങ്ങുന്ന സമയത്ത് മൊബൈൽ ഫോൺ തലയ്ക്കരികിൽ വയ്ക്കുന്നതും മാരക രോഗങ്ങൾക്ക് കാരണമാകും. മൊബൈൽ ഫോണിൽ നിന്നും പുറത്തേക്ക് വരുന്ന വികിരണങ്ങളാണ് ഇതിന് കാരണമാകുന്നത്. ഫോണിൽ നിന്നും പുറത്തേക്ക് വരുന്ന റേഡിയോ ഫ്രീക്വൻസ് എനർജി മസ്തിഷ്ക കാൻസറിന് വരെ കരണമാകും. അതോടൊപ്പം ശ്രവണ ഗ്രന്ഥിയിലും, ഉമിനീർ ഗ്രന്ഥിയിലും വരെ കാന്‍സര്‍ ഉണ്ടാകാൻ ഇത് കാരണമാകുന്നു.
അതോടൊപ്പം തന്നെ അമിതമായി മൊബൈൽ ഉപയോഗിക്കുന്നതിലൂടെ പ്രത്യുത്പാദന ശേഷി കുറയാനും സാധ്യതയുണ്ട്. ഫോൺ പോക്കറ്റിലിടുന്നതും അത്ര നന്നല്ല. ഇത് പ്രത്യുത്പാദന ശേഷിയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.
രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്തതിന് ശേഷം ഫോൺ ഉപയോഗിക്കുന്നത് കണ്ണിന്റെ കാഴ്ച ശക്തി കുറയുന്നതിന് കാരണമാകും. റേഞ്ച് കുറവുള്ള സമയങ്ങളിൽ അമിതമായി ഫോൺ ഉപയോഗിക്കുന്നതും ശരീരത്തെ ദോഷമായി ബാധിക്കും.
അതേസമയം കൂടുതൽ സമയം ഫോൺ ഉപയോഗിക്കുന്നതുവഴി ഏകാഗ്രതക്കുറവ്, ഉന്മേഷക്കുറവ് എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.