ആസ്വാദക ഹൃദയം കവർന്ന് പ്രതി പൂവൻകോഴിയിലെ ആദ്യ ഗാനം

November 23, 2019

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘പ്രതി പൂവന്‍കോഴി’. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘എനീന്നാ ഏനിതെന്നാ’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മഞ്ജു വാര്യരും അലൻസിയറുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. അനിൽ പനച്ചൂരാന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രൻ, അഭയ ഹിരമണി എന്നിവർ ചേർന്നാണ്.

ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മഞ്ജു വാര്യര്‍ക്ക് പുറമെ അനുശ്രീ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ വില്ലനായി എത്തുന്നു.

മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും മഞ്ജു വാര്യരും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തിനുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം.

അതേസമയം ധനുഷ് നായകനായെത്തിയ ‘അസുരന്‍’ എന്ന ചിത്രമാണ് മഞ്ജുവിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയത്. ഈ ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. വെട്രിമാരന്‍ ആണ് ‘അസുരന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ‘അസുരന്‍’ നേടുന്നത്.

Read more: ഗംഗയുടെ ഉള്ളിലെ ഉറങ്ങിക്കിടന്ന നാഗവല്ലി പുറത്ത് വന്നത് തുടക്കത്തിൽ തന്നെ കാണാം- ആരും ശ്രദ്ധിക്കാത്ത നിരീക്ഷണവുമായി സിനിമ പ്രേമിയുടെ കുറിപ്പ് !

1995 ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ താരം ശ്രദ്ധേയമായി. പിന്നീട് വിവാഹത്തിന് ശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വെള്ളിത്തിരയിലെ സജീവ സാന്നിധ്യമാണ്.