ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിക്ക് വിവാഹാശംസകളുമായി ഷാരൂഖ് ഖാൻ; പിന്തുണയോടെ ആരാധകർ

November 22, 2019

ആസിഡ് ആക്രമണങ്ങൾക്ക് വിധേയരായ സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന എൻ ജി ഓ ആണ് മീർ ഫൗണ്ടേഷൻ. ഈ ഫൗണ്ടേഷനായി നടൻ ഷാരൂഖ് ഖാൻ നടത്തുന്ന പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.

ഇപ്പോൾ ആസിഡ് ആക്രമണത്തിനിരയായ ഒരു പെൺകുട്ടിക്ക് വിവാഹാശംസകൾ അറിയിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. ട്വിറ്ററിൽ വിവാഹ ചിത്രങ്ങളും പെൺകുട്ടിക്കൊപ്പമുള്ള തന്റെ ചിത്രങ്ങളും പങ്കുവെച്ചാണ് ഷാരൂഖ് ഖാൻ ആശംസ അറിയിച്ചിരിക്കുന്നത്.

മീർ ഫൗണ്ടേഷൻ അംഗമാണ് ആസിഡ് ആക്രമണത്തെ നേരിട്ട അനുപമ. അനുപമയ്ക്കും വിവാഹം ചെയ്ത ജഗദീപിനുമാണ് ഷാരൂഖ് ആശംസ അറിയിച്ചിരിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച സ്ത്രീകളോട് എന്നും പ്രത്യേക അനുഭാവം പുലർത്തുന്ന ആളാണ് ഷാരൂഖ് ഖാൻ. ഇവരുടെ പ്രവർത്തനങ്ങൾ ഷാരൂഖ് ഖാൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.

മീർഫൗണ്ടേഷനിലൂടെ കുട്ടികളുടെ അവകാശത്തിലും സ്ത്രീകളുടെ ഉന്നമനത്തിനുമായി ഷാരൂഖ് ഖാൻ നടത്തുന്ന പ്രവർത്തനങ്ങൾ കൂടി കണക്കിലെടുത്താണ് ലണ്ടൻ യൂണിവേഴ്‌സിറ്റി ഷാരൂഖിനെ അടുത്തിടെ ആദരിച്ചത്. ഷാരൂഖ് ഖാന്റെ അച്ഛൻ മീർ താജ് മുഹമ്മദ് ഖാന്റെ പേരിലുള്ള ഫൗണ്ടേഷൻ ആണിത്.

Read More:‘ജോജു എനിക്ക് ഒരു നടനല്ല, ഒരു മനുഷ്യനോ മൃഗമോ അല്ല.. അയാൾ അടിയുറച്ച ഒരു സിനിമാ പ്രേമിയാണ്’- സനൽകുമാർ ശശിധരന്റെ കുറിപ്പ്

ആസിഡ് ആക്രമണം നേരിട്ടവർക്കായാണ് പ്രധാനമായും ഈ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. അവർക്കുള്ള ചികിത്സ സഹായവും നിയമ- വൈദ്യ സഹായവും തൊഴിൽ പരിശീലനവുമൊക്കെ മീർ നൽകുന്നുണ്ട്.