‘നിങ്ങളില്ലെങ്കിൽ ഞാനില്ല കമൽ’; സ്നേഹപൂര്‍വ്വം സുഹാസിനി: വീഡിയോ

November 16, 2019

അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കമൽ ഹാസൻ. നിരവധി പേര്‍ മഹാനടന് ആശംസകള്‍ നേര്‍ന്നും രംഗത്തെത്തി. സിനിമ ലോകത്തും സ്വന്തം നാട്ടിലും നടന്ന പിറന്നാൾ ആഘോഷങ്ങളിൽ വേറിട്ടു നിന്നത് ജന്മനാട്ടിലെ പിറന്നാൾ ആഘോഷം ആയിരുന്നു. പരമകുടിയിലാണ് കമൽ ഹാസൻ ജനിച്ചത്. കുടുംബാംഗങ്ങൾ ഒന്നടങ്കം പങ്കെടുത്ത പിറന്നാൾ ആഘോഷത്തിൽ വേറിട്ടു നിന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടതും നടി സുഹാസിനിയുടെ വാക്കുകൾ ആയിരുന്നു.

കമൽഹാസന്റെ ജേഷ്‌ഠന്റെ മകളാണ് സുഹാസിനി. സുഹാസിനിക്ക് സിനിമയിലേക്ക് വഴിയൊരുക്കിയതും കമൽ ഹാസൻ ആയിരുന്നു. ആ നന്ദിയും സ്നേഹവും നിറച്ചാണ് ആഘോഷ വേദിയിൽ സുഹാസിനി സംസാരിച്ചത്. ചെറിയച്ഛനാണെങ്കിലും പേര് വിളിച്ചാൽ മതിയെന്ന് കമൽ പറഞ്ഞിട്ടുണ്ടെന്ന് സുഹാസിനി പറയുന്നു. ‘എന്റെ ജീവിതത്തിലെ എല്ലാ നല്ലകാര്യങ്ങൾക്കും പിന്നിൽ നിങ്ങളാണ് കമൽ’. സുഹാസിനി പറഞ്ഞു.

ചെന്നൈ അടയാർ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സുഹാസിനി പഠിച്ചത്. ‘നിങ്ങൾ ​ഇല്ലെങ്കിൽ സിനിമാ ഇൻഡസ്ട്രിയിൽ ഞാനില്ല. എന്നെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിട്ട് സിനിമ ടെക്നിക്കലായി പഠിക്കാൻ നിർബന്ധിച്ചത്, അതിനു ഫീസ് കൊടുത്തത് എല്ലാം നിങ്ങളാണ്’. സുഹാസിനി പറയുന്നു. ‘എനിക്കും സഹോദരിമാർക്കും വളരെ ചെറുപ്പത്തിൽ സ്വയം പര്യാപ്തത നേടേണ്ടതിന്റെയും സ്വയം സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് പറഞ്ഞു തന്നതും നിങ്ങളാണ് കമല്‍, നിങ്ങളില്ലെങ്കിൽ എനിക്ക് ജീവിതത്തിൽ ഒന്നുമില്ല.” സുഹാസിനി പറഞ്ഞു.  സ്നേഹപൂര്‍വ്വമായ വാക്കുകള്‍ക്ക്  പിന്നാലെ കമൽ ഹാസന്റെ കാൽ തൊട്ടു വന്ദിച്ച് സ്നേഹ ചുംബനങ്ങളും നൽകി സുഹാസിനി.

Read More:ആഘോഷത്തിന്റെ അൻപതാം വര്‍ഷം; അന്താരാഷ്ട്ര ഫിലിം ഫെസ്‌റ്റിവലിനായി ഗോവ ഒരുങ്ങി

ഭർത്താവ് മണിരത്നത്തിനെ ലഭിച്ചതുതന്നെ കമൽ ഹാസൻ കാരണമാണെന്നും സുഹാസിനി പറയുന്നു. വളരെ വൈകാരികമായാണ് സുഹാസിനി ചടങ്ങിലുടനീളം സംസാരിച്ചത്.