‘മിസ്റ്റർ സുരാജ്, നിങ്ങളാരുവാ…ഉസൈൻ ബോൾട്ടോ’; ചിരിപ്പിച്ച് ഒരു ആരാധകന്റെ കുറിപ്പ്

November 21, 2019

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ കലാകാരനാണ് സുരാജ് വെഞ്ഞാറമൂട്, ഹാസ്യതാരമായി വെള്ളിത്തിരയിൽ അരങ്ങേറിയ താരത്തിന്റെ ‘ആക്ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിലെ ഒരൊറ്റ ഡയലോഗിലൂടെ സിനിമ കരിയർ തന്നെ മാറിമറിഞ്ഞു. മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന താരത്തിന് അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് സുരാജിനെക്കുറിച്ച് ഒരു യുവാവ് പങ്കുവെച്ച വ്യത്യസ്തമായ ഒരു കുറിപ്പ്.

നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 

മിസ്റ്റർ സുരാജ് വെഞ്ഞാറമൂട്, താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്‌. ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്‌. നിങ്ങളെ വിശ്വസിച്ച്‌ ഓരോന്ന് പറഞ്ഞേച്ച്‌ ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത്‌ വല്ലതും അറിയണോ?

ആദ്യം ഫൈനൽസ്‌ സിനിമയ്ക്ക്‌ കയറി നിങ്ങടെ പ്രകടനം കണ്ട്‌ വണ്ടറടിച്ച്‌ സുഹൃത്തുക്കളോട്‌ പറഞ്ഞു ഇതാണു സുരാജിന്റെ കരിയർ ബെസ്റ്റെന്ന്.

അതുകഴിഞ്ഞ്‌ എന്റെ കഷ്ടകാലത്തിനു വികൃതിയൊന്ന് കണ്ടുപോയി. സൗബിനും നിങ്ങളും കൂടി അങ്ങ്‌ അഴിഞ്ഞാടിക്കളഞ്ഞില്ലേ..? അത്‌ കണ്ടപ്പൊ പറഞ്ഞത്‌ വീണ്ടും തിരുത്തിപ്പറഞ്ഞു. മറ്റതല്ല, ഇതാണു ബെസ്റ്റ്‌.

ദേ ഇപ്പൊ ആൻഡ്രോയ്ഡ്‌ കുഞ്ഞപ്പൻ. കട്ടയ്ക്ക്‌ കട്ടയ്ക്ക്‌ സൗബിൻ അവിടേം. സത്യം പറയണം. നിങ്ങളു മുടി ഡൈ ചെയ്ത്‌ വച്ചിരിക്കുന്നതല്ലേ? ശരിക്കും പത്തറുപത്തഞ്ച്‌ വയസുള്ളത്‌ ആൾക്കാരറിയാതിരിക്കാൻ ?

സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാൻ നിങ്ങളാരുവാ, സെർജി ബുബ്കയോ? ഇസിൻബയേവയോ ? അതോ ഉസൈൻ ബോൾട്ടോ?

ഇനി ഇതാണു കരിയർ ബെസ്റ്റെന്ന് പറയൂല്ല. . .പിന്നേം മണ്ടനാക്കാനല്ലേ, മാണ്ട, ആ ഐഡിയ മനസിലിരിക്കട്ടെ, നമിച്ചാശാനേ.

Read also: വ്യായാമവും ഭക്ഷണരീതിയും; അറിഞ്ഞിരിക്കാം ചില ആരോഗ്യകാര്യങ്ങൾ  

അതേസമയം സുരാജിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5. 25 ആണ്. മികച്ച പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രത്തിൽ  സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡ് ആണ് മറ്റൊരു ആകര്‍ഷണം. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നവാഗത സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം മൂൺഷോർട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നിർമിക്കുന്നത്. ചിത്രത്തിലെ സുരാജിന്റെ ലുക്കും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു