‘സാർ ഉങ്കളെ ടീവിയിൽ നിറയെ പാത്തിരുക്ക്‌, ആനാ പേരെന്നാന്ന് തെരിയലെ..’- ആമിർഖാന്റെ ആരാധകന് വേണ്ടി സോഷ്യൽ മീഡിയയിൽ തിരച്ചിൽ

December 25, 2019

കഴിഞ്ഞ ദിവസമായിരുന്നു ആമിർഖാൻ ലാൽ സിംഗ് ഛദ്ധയുടെ ഷൂട്ടിങ്ങിനായി കേരളത്തിൽ എത്തിയത്. ആരാധകർക്കൊപ്പം സമയം ചിലവഴിച്ച ആമിർ ഖാന് വലിയ സ്വീകരണമാണ് മലയാളികൾ നല്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ചായിരുന്നു ഷൂട്ടിംഗ് നടന്നത്. കപ്പിൽ ബീച്ചിൽ ഷൂട്ടിങ്ങിനെത്തിയപ്പോൾ ഉണ്ടായ ഒരു സംഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവ്. ആമിർഖാനൊപ്പം ഒരാൾ നിൽക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിമൽ കുമാർ എന്ന വ്യക്തി. ആമിർഖാനൊപ്പമുള്ള ആളെ കണ്ടെത്താൻ വേണ്ടിയാണു ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇദ്ദേഹം ശ്രമിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്‌:

ഇതൊരു അപേക്ഷയാണ്..

അതിനു മുൻപ്‌ ഈ ഫോട്ടോയുടെ പിന്നിലുള്ള ഒരു കഥ നിങ്ങൾ അറിയണം ആമിർഖാൻ കേരളത്തിൽ ഷൂട്ടിങ്ങിനു വന്നദിവസം ചായകുടിക്കാൻ ആമിറിന്റെ ഇഷ്ടപ്രകാരം ഒരു പെട്ടിക്കടയിൽ നിന്നും കുടിച്ചു..അപ്പോൾ ഈ ഫോട്ടോയിൽ കാണുന്ന ചേട്ടൻ അടുത്തേക്ക്‌ വന്നിട്ട്‌ ആമിർ ഖാനെ നോക്കി ചോദിച്ചു.. ‘സാർ ഉങ്കളെ ടീവിയിൽ നിറയെ പാത്തിരുക്ക്‌, ആനാ പേരെന്നാന്ന് തെരിയലെ.. നീങ്ക പെരിയ യാരോ അന്ന് തെരിയത്‌ ഉങ്ക കൂടെ ഒരു ഫോട്ടൊ എടുക്ക മുടിയുമാ?’.

തൊഴുതുപിടിച്ച്‌ ഭയഭക്തിയോടേ നിൽകുന്ന ആ ചേട്ടനെ ആമിർ ഖാൻ തോളിൽ കയ്യിട്ട്‌ ചേർത്ത്‌ പിടിച്ചു നിർത്തി ഫോട്ടോ എടുത്തോളാൻ പറഞ്ഞു.പക്ഷെ ആ ചേട്ടന്റെ കയ്യിൽ ഫോൺ ഇല്ലാരുന്നു…ആ ചേട്ടനു വേണ്ടി ഞാൻ എന്റെ ഫോണിൽ എടുത്ത ഫോട്ടോ ആണിത്‌..ഫോണില്ലാത്ത ആ ചേട്ടനു ഈ ഫോട്ടോ കൊടുക്കാൻ ഒരു മാർഗ്ഗവുമുണ്ടായില്ല..ഞാൻ ഒരു വാക്ക്‌ കൊടുത്തു എങ്ങനെയെങ്കിലും ഫോട്ടോ ആ ചേട്ടന്റെ കയ്യിൽ എത്തിക്കുമെന്ന് ആ ചേട്ടന്റെ പേരറിയില്ല ,നാടറിയില്ല ,ആ ഫോട്ടോയിൽ കാണുന്ന സ്ഥലപേരു മാത്രമെ മാർഗ്ഗമുള്ള നിങ്ങളുടെ ഓരോരുത്തരുടെയും കയ്യിലൂടെ ഈ ഫോട്ടൊ അയ്യാളുടെ കയ്യിൽ എത്തണം അതിനു നിങ്ങൾ എല്ലാരും ഒന്നും സഹായിക്കണം.