മമ്മൂട്ടി നായകനായി ‘ബിലാല്‍’; ചിത്രീകരണം ഫെബ്രുവരിയില്‍

December 30, 2019

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ബിലാല്‍’. സിനിമയുടെ ചിത്രീകരണം 2020 ഫെബ്രുവരിയില്‍ ആരംഭിക്കും. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം നിര്‍വഹിച്ച ‘ബിഗ് ബി’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ‘ബിലാല്‍’. 2007-ലാണ് ‘ബിഗ് ബി’ തിയേറ്ററുകളിലെത്തിയത്. 2020 പകുതിയോടെ ‘ബിലാല്‍’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും എന്നാണ് സൂചന.

അതേസമയം ‘ബിലാല്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട് എന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 2005-ല്‍ പ്രദര്‍ശനത്തിനെത്തിയ ഹോളിവുഡ് ചിത്രം ‘ഫോര്‍ ബ്രദേഴ്‌സി’ന്റെ അനൗദ്യോഗിക റീമേക്കായിരുന്നു ‘ബിഗ് ബി’. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ‘ബിഗ് ബി’ നേടിയതും. ചിത്രത്തിലെ ഡയലോഗുകള്‍ ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉണ്ണി ആര്‍ ആയിരുന്നു ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ദൃശ്യമികവിലും ‘ബിഗ് ബി’ ശ്രദ്ധ നേടി.

കൊച്ചി ആസ്ഥാനമായിട്ടുള്ളതാണ് ‘ബിഗ് ബി’ എന്ന ചിത്രത്തിന്റെ കഥ. സാമൂഹ്യ പ്രവര്‍ത്തകയായ മേരി ടീച്ചര്‍ എന്ന് അറിയപ്പെടുന്ന മേരി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന്റെ കൊലപാതകത്തോടെയാണ് സിനിമയുടെ ആരംഭം. ചിത്രത്തില്‍ ബിലാല്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

Read more: വെള്ളിത്തിരയിലേക്ക് സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചുവരവ്; ശ്രദ്ധ നേടി ‘തമിഴരശന്‍’ ടീസര്‍

മേരി ടീച്ചര്‍ ദത്തെടുത്ത് വളര്‍ത്തിയ നാല് മക്കളില്‍ മൂത്ത മകനാണ് ബിലാല്‍. അമ്മയുടെ കൊലപാതകിയെ കണ്ടെത്താന്‍ മക്കള്‍ നടത്തുന്ന ശ്രമത്തിലൂടെയാണ് ‘ബിഗ് ബി’ എന്ന ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. അതേസമയം ‘ബിലാല്‍’ എന്ന സിനിമ ബിഗ് ബിയിലെ ബിലാല്‍ എന്ന കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും ഒരുക്കുന്നതെന്നാണ് സൂചന.

അതേസമയം മമ്മൂട്ടിയുടേതായി ‘വണ്‍’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ താരമെത്തുന്നത്. കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. സന്തോഷ് വിശ്വനാഥനാണ് ‘വണ്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജോജു ജോര്‍ജും ‘വണ്‍’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.