‘ഈ വേദനയിലും എല്ലാവർക്കും അത്ഭുതമാണവൾ’; ഹൃദയം തൊട്ട് ഒരു കുറിപ്പ്
പല വേദനകളെയും മനോധൈര്യം കൊണ്ട് നേരിട്ട ഒരുപാട് പേരുടെ പോരാട്ടത്തിന്റെ കഥകൾ നാം വായിക്കാറുണ്ട്. ഇപ്പോഴിതാ അർബുദം എന്ന മഹാരോഗത്തെ മനക്കരുത്തുകൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കുന്ന ഒരു യുവതിയുടെയും സ്നേഹവും സപ്പോർട്ടും കൊണ്ട് ഭാര്യയെ ചേർത്തുനിർത്തുന്ന ഒരു ഭർത്താവിന്റെയും അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചിരിച്ചുകൊണ്ട് കാൻസറിനെ തോൽപ്പിക്കാൻ ശ്രമിക്കുന്ന ഈ യുവതി നിരവധി ആളുകൾക്കാണ് മാതൃകയാകുന്നത്.
ധനേഷ് മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
എന്റെ പത്നിയോട് എനിക്ക് ബഹുമാനമാണ്…. കാരണം… വേറൊന്നുമല്ല…. കീമോയുടെ വേദനയിലും അവൾ എല്ലാവരോടും ചിരിക്കും…. ഞാനടക്കം എല്ലാവർക്കും ഒരത്ഭുതം ആണവൾ….
വേദന കടിച്ചമർത്തി മറ്റുള്ളവരോട് ചിരിച്ചു സംസാരിക്കുന്ന അവളെ കാണുമ്പോൾ എന്റെ കണ്ണ് നിറയാറുണ്ട്…പക്ഷെ ഞാൻ അവളുടെ മുന്നിൽ കരഞ്ഞാൽ തോറ്റുപോവുന്നത് അവളായിരിക്കും…
പരിധിയിലേറെയും വേദനകൾ സഹിച്ചുകൊണ്ട് ജീവിക്കുന്ന അവളുടെ മനസ്സിൽ ജീവിച്ചു കൊതിതീർന്നിട്ടില്ല,, ഇനിയും ഞങ്ങളുടെ മകനോടൊപ്പം ജീവിക്കണമെന്നുള്ള ഉറച്ച വിശ്വാസം തന്നെയാണ് ആ ചിരിയുടെ അർത്ഥവും…
എല്ലായ്പോഴും ഹോസ്പിറ്റലിൽ തന്നെയാണ് അവളുടെ ദിവസങ്ങൾ വേദനയോടെ കഴിഞ്ഞുപോവുന്നത്… എങ്കിലും അതിലൊരു സന്തോഷം കണ്ടെത്താൻ അവൾ തിരഞ്ഞെടുത്ത വഴിയാണ് രോഗാവസ്ഥയിൽ അടുത്തുകിടക്കുന്ന ആളുകളോടും അവരുടെ കൂട്ടിരിപ്പുകാരോടും ചിരിച്ചും കളിച്ചും സമയം ചിലവഴിക്കുന്നത്….
സത്യംപറഞ്ഞാൽ ഞാനൊന്ന് പുറത്തുപോയി തിരിച്ചുവരുമ്പോൾ അവളുടെ ബെഡിനുചുറ്റും ഒരുകൂട്ടംതന്നെയുണ്ടാവും…. പെട്ടന്ന് അങ്ങനെ കാണുമ്പോൾ പലപ്പോഴും എനിക്ക് പേടിതോന്നിപ്പോവാറുണ്ട് …. അടുത്തെത്തി നോക്കിയാൽ ചിരിച്ച മുഖത്തോടെ മൊട്ടത്തലയുമായി അവരുടെയൊക്കെ നടുവിലിരുന്നു കഥകളിൽ മുഴുകി ഇരിക്കുന്നത് കാണാം. പിന്നെ ഡിസ്ചാർജ് ആയാൽ പറയാത്തതാണ് നല്ലത്… യാത്ര പറഞ്ഞു തീരണമെങ്കിൽ ഒരു സമയം തന്നെ വേണം…. അതിനിടയിൽ അവളെനോക്കി ചിലരുടെ കണ്ണ് നിറയുന്നതും കാണാം.
പിന്നെ അവളെ നോക്കുന്ന ഡോക്ടേഴ്സ്…Ajaykumar sir, Najla Madam, Swetha Madam, Duty Doctor’s കൂടെ വെള്ളകുപ്പായമണിഞ്ഞ കുറേ മാലാഖമാർ…..(പേരറിയാത്തതുകൊണ്ടാണ് പറയാത്തത്)
ഇവരുടെയൊക്കെ സഹകരണവും സമീപനവും ഞങ്ങൾക്ക് വാക്കുകൾക്കപ്പുറം ഏറ്റവും മികച്ച പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്.
ഇതുവരെ ഏഴുകീമോയും ഇരുപത്തിയഞ്ചു റേഡിയേഷനും കഴിഞ്ഞു… ഇനിയും പത്തുകീമോ കാത്തിരിപ്പുണ്ട്….
ഇതിനിടയിൽ എവിടെനിന്നോ വലിഞ്ഞുകയറിവന്ന അപ്പന്റിക്സും ഒരുപാട് വേദനിപ്പിച്ചു… പിന്നെ ഇൻഫെക്ഷനായി… ഇപ്പോൾ കൗണ്ട് കുറവു കാരണം എട്ടാമത്തെ കീമോ നാലുതവണ മുടങ്ങി…..
ഇന്ന് എട്ടാമത്തെ കീമോ കരുത്തോടെ ഏറ്റുവാങ്ങാൻ തയാറായി ഹോസ്പിറ്റലിലേക്ക് പോവുകയാണ്…ഇതും മുടങ്ങാതിരിക്കാൻ എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാവണം.