പൂര്‍ണിമയ്ക്ക് വേണ്ടി ഇന്ദ്രജിത്ത് പാടുമ്പോള്‍; മനോഹരം ഈ വീഡിയോ

December 13, 2019

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അതിമനോഹരമായി അവതരിപ്പിക്കുന്ന നടനാണ് ഇന്ദ്രജിത്ത് സുകുമാരന്‍. സഹോദരനും അമ്മയും ഭാര്യയുമൊക്കെ വെള്ളിത്തിരയില്‍ സാന്നിധ്യമറിയിക്കുന്നതുകൊണ്ടു തന്നെ പലപ്പോഴും ഈ താരകുടുംബം വാര്‍ത്തകളില്‍ ഇടം നേടുന്നു. ഇന്ദ്രജിത്തിനെ പോലെതന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്തും. ഈ താരദമ്പതികളുടെ 17-ആം വിവാഹവാര്‍ഷികം സോഷ്യല്‍മീഡിയയും ആഘോഷമാക്കിയിരിക്കുകയാണ്.

നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം നിമിഷ സജയന്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഇന്ദ്രജിത്ത് പാടുമ്പോള്‍ താരത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന പൂര്‍ണിമയാണ് ഈ വീഡിയോയില്‍. ‘തേരി ആഖോം കെ സിവാ ദുനിയാ..’ എന്ന ഗാനമാണ് ഇന്ദ്രജിത്ത് മനോഹരമായി ആലപിക്കുന്നത്. ‘നിങ്ങളിങ്ങനെ എന്നെന്നും ചേര്‍ന്നിരിക്കട്ടെ എന്നു ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നിമിഷ സജയന്‍ നല്‍കി.

അതേസമയം ഏറെ മനോഹരമാണ് വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍. ഇന്ദ്രജിത്തിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രവും പൂര്‍ണിമ പങ്കുവെച്ചിട്ടുണ്ട്. പൂര്‍ണിമയുടെ വാക്കുകള്‍ ഇങ്ങനെ: ‘ആ ദിവസം അവന്‍ എന്നേട് വിവാഹ അഭ്യര്‍ത്ഥന നടത്തി. ആദ്യമായി ഞങ്ങളൊരുമിച്ചുള്ള ഒരു ഫോട്ടോ ക്യാമറയില്‍ പകര്‍ത്തിയ ദിനം. എനിക്ക് 21 വയസ്സും അവന് 20 വയസ്സും. അന്ന് ഞാനൊരു നടിയായിരുന്നു. അവനൊരു വിദ്യാര്‍ത്ഥിയും.

ഈ ദിവസം വളരെ വ്യക്തമായിത്തന്നെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞങ്ങള്‍ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തില്‍ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.

ഈ ചിത്രം പകര്‍ത്തിയത് അമ്മയാണ്. ഈ ഫോട്ടോ ക്ലിക്ക് ചെയ്യുമ്പോള്‍ ഞങ്ങളുടെ തലയില്‍ എന്തായിരുന്നുവെന്ന് അമ്മയ്ക്ക് അറിയാമായിരുന്നോ എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് അമ്മയെ നന്നായി അറിയാം. അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വര്‍ഷത്തെ പ്രണയവും 17 വര്‍ഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ, വാര്‍ഷികാശംസകള്‍.’