എല്ലാ വേദനകളെയും അതിജീവിച്ച സ്ത്രീയുടെ ഉള്‍ക്കരുത്തുമായി ‘സ്റ്റാന്‍ഡ് അപ്പ്’-ലെ ഗാനം

December 8, 2019

‘മാന്‍ഹോള്‍’ എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ ശ്രദ്ധേയമായ വിധു വിന്‍സന്റ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് ‘സ്റ്റാന്‍ഡ് അപ്പ്’. രജിഷ വിജയനും നിമിഷ സജയനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ കീര്‍ത്തിയുടെയും സുഹൃത്തുക്കളുടെയും സൗഹൃദത്തിനിടയില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

അതേസമയം ഗാനാസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് സ്റ്റാന്‍ഡ് അപ്പിലെ പുതിയ ഗാനം. ചിത്രത്തിലെ കഥകള്‍ പറയേ… എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ സ്റ്റുഡിയോ വേര്‍ഷനാണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രം ഡിസംബര്‍ 13 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ പുതിയ ഗാനത്തെക്കുറിച്ച് സംവിധായിക വിധു വിന്‍സെന്റിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ബിലു പദ്മിനി നാരായണന്‍ എഴുതി വര്‍ക്കി സംഗീതം നല്കി സയനോര പാടിയ സ്റ്റാന്റപ്പിലെ മറ്റൊരു ഗാനം. തോരാത്ത സങ്കടങ്ങളിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീയുടെ ആളലുണ്ട് ഈ പാട്ടിലെ വരികള്‍ക്ക്.. ഒപ്പം എല്ലാ വേദനകളെയും അതിജീവിച്ച് എഴുന്നു നില്ക്കുന്ന സ്ത്രീയുടെ ഉള്‍ക്കരുത്തുമുണ്ട്.’

Read more:മനോഹരം ഈ ചിപ്പി വീട്; ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വീടിന്റെ ചിത്രങ്ങൾ കാണാം…

‘സ്റ്റാന്‍ഡ് അപ്പ്’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉമേഷ് ഓമനക്കുട്ടനാണ്. ടോബിന്‍ തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ക്രിസ്റ്റി സെബാസ്റ്റ്യനാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ബിലു പദ്മിനി നാരായണനാണ് ഗാനരചന. വര്‍ക്കി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. അര്‍ജുന്‍ അശോകന്‍, വെങ്കിടേഷ്, സീമ, സജിത മഠത്തില്‍, നിസ്താര്‍ സേഠ്, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.