ആദ്യ ദിനത്തില്‍ മികച്ച കളക്ഷന്‍ നേടി ‘മാമാങ്കം’

December 13, 2019

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് ‘മാമാങ്കം’. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം പദ്മകുമാറാണ്. ഡിസംബര്‍ 12 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തെത്തി. ആഗോളതലത്തില്‍ റിലീസ് ദിനത്തില്‍ മാമാങ്കം 23 കോടിക്ക് മുകളില്‍ നേടി. ചിത്രത്തിന്റെ നിര്‍മാതാവായ വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകവ്യാപകമായി 45 രാജ്യങ്ങളിലായി 2000-ത്തിനു മുകളില്‍ സ്‌ക്രീനുകളിലാണ് ചിത്രം റിലീസിനെത്തിയത്.

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാമാങ്കം’. വള്ളുവനാടിന്റെ ചരിത്രമാണ് സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രാചി തെഹ്ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

ചിത്രത്തിന്റെ കളക്ഷനെക്കുറിച്ച് നിര്‍മാതാവ് വേണു കുന്നപ്പിള്ളി പങ്കുവെച്ച കുറിപ്പ്

മാമാങ്ക വിശേഷങ്ങള്‍… ഇന്നലെ ആ സുധിനമായിരുന്നു .. മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി.. ഏകദേശം രണ്ടു വര്‍ഷമായുള്ള യാത്രയായിരുന്നു… ഉദ്യോഗജനകവും, രസകരവും, വെട്ടിമാറ്റേണ്ടതിനെ മാറ്റിയും തന്നെ ആയിരുന്നു ആ യാത്ര…

ലോകവ്യാപകമായി ജനങ്ങള്‍ വളരെ ആവേശത്തോടെയാണ് ഈ സിനിമയെ ഏറ്റെടുത്തിരിക്കുന്നത്… ഇന്നലെ കുറെ സിനിമാ തിയേറ്ററുകളില്‍ ഞങ്ങള്‍ വിസിറ്റ് ചെയ്തു… റിലീസ് ചെയ്ത ഏകദേശം 2000 സെന്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ആവേശഭരിതമാണ്… വെളുപ്പിന് വരെയുള്ള അവൈലബിള്‍ റിപ്പോര്‍ട്ടുകളനുസരിച്ച് ലോകവ്യാപകമായി ഉള്ള കലക്ഷന്‍ ഇപ്പോള്‍തന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്… അദ്ഭുതങ്ങള്‍ നിറഞ്ഞതും, മലയാളികള്‍ക്ക് വളരെ പുതുമയുള്ള തുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും , ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു …

ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമ… കോടിക്കണക്കിനു രൂപയുടേയും… ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നു… അതുപോലെ ഷൂട്ടിംഗ് മുതല്‍, സിനിമ ഇറങ്ങുന്ന നിമിഷങ്ങള്‍ വരെ അതിനെ മുടക്കാന്‍ പ്രവര്‍ത്തിച്ച ആളെയും ഞാന്‍ മറക്കുകയില്ല… കൂലിയെഴുത്തുകാര്‍ അവരുടെ ജോലി തുടരട്ടെ… ഈ സിനിമ, ഭാവിയില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന മെഗാ പ്രോജക്ട്കള്‍ക്ക് ഉത്തേജകമായിരിക്കും.