‘പെപ്പെ’യുടെ പഴയകാല ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചലച്ചിത്രതാരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ആന്റണി വര്‍ഗീസിന്റെ രസകരമായ ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന അടിക്കുറിപ്പോടെ ആന്റണി വര്‍ഗീസ് തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും.
പൂന്തോട്ടത്തിലെ ഒരു കഴുതയുടെ പുറത്ത് കയറി കുസൃതിച്ചരിയോടെ ഇരിക്കുന്ന രസകരമായ ചിത്രമാണ് ആന്റണി വര്‍ഗീസ് പങ്കുവെച്ചിരിക്കുന്നത്. ചലച്ചിത്രതാരങ്ങളടക്കം നിരവധി പേര് രസകരമായ കമന്റും നല്‍കുന്നുണ്ട് ചിത്രത്തിന്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള ആന്റണി വര്‍ഗീസിന്റെ അരങ്ങേറ്റം. ചിത്രത്തിലെ ‘പെപ്പെ’ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘പെപ്പെ’ എന്ന വിളിപ്പേരിലാണ് ഇപ്പോഴും താരം അറിയപ്പെടുന്നത് തന്നെ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന് സംവിധാനം നിര്‍വഹിച്ച സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിലും ആന്റണി വര്‍ഗീസ് ശ്രദ്ധേയമായി.
അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച ജെല്ലിക്കട്ട് ആണ് ആന്റണി വര്‍ഗീസ് പ്രധാന കഥാപാത്രമായി തിയേറ്ററുകളില്‍ ഏറ്റവും ഒടുവിലായെത്തിയ ചിത്രം.
നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ മികവോടെ അവതരിപ്പിച്ചിരിക്കുന്നത്. അതിസാഹസിക രംഗങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.