‘ഇന്ത്യൻ സിനിമയുടെ മറ്റൊരു ഇതിഹാസത്തെ ഞാൻ കണ്ടു’- മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രാചി തെഹ്‌ലാൻ

January 14, 2020

‘മാമാങ്ക’ത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രാചി തെഹ്‌ലാൻ. മമ്മൂട്ടിക്കൊപ്പം തുടക്കമിട്ട് ഇനി മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ് പ്രാചി. ജീത്തു ജോസഫ് ചിത്രം ‘റാമി’ന്റെ സെറ്റിലെത്തി മോഹൻലാലിനെ കണ്ട ചിത്രമാണ് പ്രാചി പങ്കുവെച്ചിരിക്കുന്നത്. പക്ഷെ അഭിനയിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും നടി പറയുന്നു.

‘ഈ നിമിഷം എന്റെ അവസാന ശ്വാസം വരെ മനസിലുണ്ടാകും. ഇന്ത്യൻ സിനിമയുടെ മറ്റൊരു ഇതിഹാസമായ മോഹൻലാലിനെ കണ്ടു. ഞങ്ങളുടെ സംഭാഷണം അധികം നേരം നീണ്ടു നിന്നില്ലെങ്കിലും അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. മാമാങ്കം കണ്ടിരുന്നുവെന്നും എന്റെ പേര് റാമിലേക്ക് നിർദ്ദേശിച്ചിരുന്നുവെന്നും. അതെനിക്ക് വലിയ അംഗീകാരവും പ്രചോദനവുമായി. ഞാൻ ‘റാമി’ൽ അഭിനയിക്കുമോ എന്ന് ചോദിക്കുന്നവരോട്..അഭിനയിക്കണമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. തിരക്കഥ വായിച്ചതിനു ശേഷമേ അങ്ങനെയൊരു തീരുമാനമെടുക്കൂ.. എന്തായാലും ഒരു കാര്യം ഉറപ്പാണ്, ഇതൊരു മികച്ച ടീമാണ്. ഇവർക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് താത്പര്യമുണ്ട്’- മോഹൻലാലിനും ജീത്തു ജോസഫിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രാചി കുറിക്കുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തുന്നത് തൃഷയാണ്. ‘മാമാങ്ക’ത്തിൽ ഒരു പോരാളിയുടെ വേഷത്തിൽ ആണ് പ്രാചി എത്തിയത്. ഏറെ അംഗീകാരങ്ങൾ മലയാള സിനിമയിൽ നിന്നും ഈ വേഷം പ്രാചിക്ക് നേടിക്കൊടുത്തു.