‘റാം’ ലുക്കിലെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രാചി തെഹ്ലാന്‍

January 15, 2020

ചലച്ചിത്രതാരങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ള ഫോട്ടോകളെയും വീഡിയോകളെയും ചുറ്റിപ്പറ്റി ചലച്ചിത്ര ചര്‍ച്ചകള്‍ സജീവമാകാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി നായകനായെത്തിയ ‘മാമാങ്കം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രീതി നേടിയ പ്രാചി തെഹ്ലാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രമാണ് പ്രാചി തെഹ്ലാന്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ‘റാം’ എന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രത്തില്‍ പ്രാചി തെഹ്ലാന്‍ അഭിനയിക്കും എന്ന കാര്യത്തെ ചുറ്റിപ്പറ്റിയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച സജീവമാകുന്നത്.

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം നിര്‍വഹിച്ച മാമാങ്കം എന്ന ചിത്രത്തില്‍ നായികാ കഥാപാത്രമായാണ് പ്രാചി തെഹ്ലാന്‍ എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തോടൊപ്പം ഒരു കുറിപ്പും പ്രാചി തെഹ്ലാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാല്‍ മാമാങ്കം കണ്ടുവെന്നും പ്രാചി തെഹ്ലാന്റെ പേര്, ‘റാം’ എന്ന പുതിയ ചിത്രത്തിനു വേണ്ടി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ താരം വ്യക്തമാക്കുന്നു. അതേസമയം ‘റാം’ എന്ന ചിത്രത്തില്‍ പ്രാചി തെഹ്ലാന്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല.

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് റാം. തൃഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ‘റാം’. ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. മാസ് സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാണ് റാം. 2020 ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.