ആസ്വാദകഹൃദയങ്ങൾ കീഴടക്കാൻ നീരജും സയനോരയും; മനോഹരം ഈ ഗാനം

January 27, 2020

‘ഉയിരേ…കവരും ഉയിരേ പോലെ….’നീ കണ്ണോടു കണ്ണോടെ കണ്ണോരമായ്’…

ദിവസങ്ങൾക്കൊണ്ട് ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ ഗാനമാണ് ഗൗതമന്റെ രഥം എന്ന ചിത്രത്തിൽ സിദ് ശ്രീറാം ആലപിച്ച ഈ പ്രണയഗാനം. ആസ്വാദകര്‍ക്ക് എക്കാലത്തും ഓര്‍ത്തുവയ്ക്കാന്‍ മനോഹരമായൊരു പ്രണയഗാനംകൂടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച പുതിയ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

നീരജ് മാധവ് മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രത്തിലെ ബാങ് ബാങ് സോങാണ് പുറത്തുവിട്ടിരിക്കുന്നത്. വിനായക് ശശികുമാറിന്റെയും നീരജ് മാധവിന്റെയും വരികൾക്ക് അങ്കിത് മേനോൻ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പും നീരജും ചേർന്നാണ്.

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികവോടെ അവതരിപ്പിച്ച് ജനസ്വീകാര്യത നേടിയ നീരജ് മാധവ് പ്രധാന കഥാപാത്രമായെത്തുന്ന ഗൗതമന്റെ രഥം എന്ന ചിത്രം ഈ മാസം അവസാനം വെള്ളിത്തിരയിൽ എത്തും.

നവാഗതനായ ആനന്ദ് മേനോന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഗൗതമന്റെ രഥം’. ചിത്രത്തില്‍ നായകനെപ്പോലെ തന്നെ പ്രാധാന്യം ഉണ്ട് നാനോ കാറിനും. ചിത്രത്തിന്റെ പേരു പോലെതന്നെ ഗൗതമന്റെ രഥം എന്ന വേഷമാണ് നാനോ കൈകാര്യം ചെയ്യുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ‘ഗൗതമന്റെ രഥം’.

കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഐ സി എല്‍ ഫിന്‍കോര്‍പ് സി എം ഡി കെ.ജി. അനില്‍കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍, ദേവി അജിത്, ബിജു സോപാനം, കലാഭവന്‍ പ്രജോദ്, കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. പുതുമുഖ താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് ചിത്രത്തിലെ നായിക. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്.