മൈലാഞ്ചി മൊഞ്ചിൽ ഭാമ; വൈറലായി മെഹന്ദി കല്യാണത്തിന്റെ വീഡിയോ

January 29, 2020

കുറഞ്ഞ കാലയളവുകൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്‌ടനടിമാരിൽ ഒരാളായി മാറിയ നടിയാണ് ഭാമ. കുറച്ച് നാളുകളായി വെള്ളിത്തിരയിൽ നിന്നും ഒഴിഞ്ഞുനിന്ന താരം ഇപ്പോൾ വിവാഹത്തിന്റെ തിരക്കിലാണ്…വിവാഹ നിശ്‌ചയം കഴിഞ്ഞ താരത്തിന്റെ മൈലാഞ്ചി കല്യാണത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കുടുംബസുഹൃത്തായ അരുൺ ജഗദീശാണ് വരൻ. ചെന്നിത്തല സ്വദേശിയായ അരുൺ ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുകയാണ്.  വിവാഹത്തോടനുബന്ധിച്ചുള്ള താരത്തിന്റെ മെഹന്ദി കല്യാണം ഇന്നലെ ആയിരുന്നു. കോട്ടയം വിന്‍ഡ്‌സോര്‍ ഹോട്ടലില്‍ വെച്ചായിരുന്നു മെഹന്ദി കല്യാണം നടത്തിയത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. 

മലയാളത്തിന് പുറമെ തെലുങ്കിലും കന്നടയിലും സജീവമായിരുന്നു ഭാമ. 2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയായതാണ് ഭാമയുടെ സിനിമ അരങ്ങേറ്റത്തിന്റെ തുടക്കം. വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന ചിത്രത്തിലും, സൈക്കിൾ, വൺ വേ ടിക്കറ്റ്, സ്വപനങ്ങളിൽ ഹസൽ മേരി, കളേഴ്സ്, നാകുപെന്റ നാകു റ്റീക്ക, 101 വെഡിങ്സ് തുടങ്ങി നിരവധി ചിത്രങ്ങളിലും താരം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.