‘കൊറോണ വൈറസ്’: അറിയേണ്ടതെല്ലാം, സൗദിയിൽ മലയാളി നഴ്‌സുമാർ അടക്കമുള്ളവർ നിരീക്ഷണത്തിൽ

January 23, 2020

കുറച്ച് ദിവസങ്ങളായി വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് കൊറോണ വൈറസ്. ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്തെ വിമാനത്താവളത്തിലടക്കം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം സൗദി അറേബ്യയിൽ കൊറോണ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച നഴ്‌സുമാർ ഇപ്പോൾ നിരീക്ഷണത്തിലാണ്. മലയാളി നഴ്‌സുമാർ അടക്കമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്

ചൈനയിലെ 13 പ്രവിശ്യകളിൽ 470 പേർക്ക് വൈറസ് ബാധയുണ്ടെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിച്ച് 17 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.

എന്താണ് കൊറോണ വൈറസ്:

പൊതുവെ മൃഗങ്ങളിൽ കാണപ്പെടുന്ന വൈറസുകളാണ് കൊറോണ വൈറസ്. വളരെ വിരളമായി മാത്രം മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ഇത്തരം വൈറസുകൾ സൂനോട്ടിക് എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ ശ്വസന സംവിധാനങ്ങളെയാണ് ഇത് പൊതുവെബാധിക്കുന്നത്. ഇത് സാർസ്, മെർസ് എന്നീ രോഗങ്ങൾക്ക് കാരണമാകും.

കൊറോണ വൈറസിന്റെ ആരംഭം:

2019 ഡിസംബർ 31 ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് രോഗം കണ്ടെത്തിയത്.

രോഗലക്ഷങ്ങൾ :

പനി, ചുമ, ശ്വാസതടസം,ജലദോഷം, ക്ഷീണം എന്നിവയാണ് ആദ്യ ഘട്ടങ്ങളിൽ കാണുന്നത്. ന്യൂമോണിയ ബാധിക്കാനും സാധ്യതയുണ്ട്. വൈറസ് ശരീരത്തിൽ കടന്നുകഴിഞ്ഞ് ഏകദേശം പത്ത് ദിവസങ്ങൾക്ക് ശേഷമേ രോഗലക്ഷങ്ങൾ കണ്ടുതുടങ്ങു. 5-6 ദിവസം വരെയാണ് ഇൻക്യൂബേഷൻ പീരീഡ്‌.

രോഗം പടരുന്നത് :

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും രോഗം പടരും. ഒട്ടകങ്ങളിൽ നിന്നാണ് ആദ്യമായി രോഗം മനുഷ്യരിലേക്ക് പടർന്നത്. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുക വഴിയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്.

രോഗം സ്ഥിരീകരിച്ച സ്ഥലങ്ങൾ

ജപ്പാൻ, തായ്‌ലൻഡ്, തായ് വാൻ, ഹോങ്കോങ്, ദക്ഷിണകൊറിയ, മക്കാവു, യു എസ്, സൗദി എന്നിവടങ്ങളിൽ രോഗം സ്ഥിരീകരിച്ചു.

ചികിത്സ :

വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇതുവരെ കണ്ടെത്തിയില്ല. വേദനാസംഹാരികളാണ് ഇപ്പോൾ രോഗം ബാധിച്ചവർക് നൽകാൻ കഴിയുക. രോഗതികളെ ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ പാർപ്പിക്കണം.