പ്രേക്ഷക മനംതൊട്ട് ഗൗതമന്‍റെ രഥത്തിലെ സുന്ദരഗാനങ്ങള്‍

January 29, 2020

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികവോടെ അവതരിപ്പിച്ച് ജനസ്വീകാര്യത നേടിയ നീരജ് മാധവ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഗൗതമന്റെ രഥം’. ചിത്രത്തിലെ ഗാനങ്ങളെല്ലാം അടങ്ങിയ ജ്യൂക് ബോക്‌സ് പുറത്തിറങ്ങി. മനോഹരമാണ് ഗൗതമന്റെ രഥത്തിലെ ഗാനങ്ങള്‍. നവാഗതനായ അങ്കിത് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

നവാഗതനായ ആനന്ദ് മേനോന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഗൗതമന്റെ രഥം’. ചിത്രത്തില്‍ നായകനെപ്പോലെ തന്നെ പ്രാധാന്യം ഉണ്ട് ഒരു നാനോ കാറിനും. ചിത്രത്തിന്റെ പേരു പോലെതന്നെ ഗൗതമന്റെ രഥം എന്ന വേഷമാണ് നാനോ കൈകാര്യം ചെയ്യുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ‘ഗൗതമന്റെ രഥം’. ചിത്രം ഈ മാസം 31 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Read more: ബസിനകത്തൊരു മനോഹര പൂന്തോട്ടം ഒരുക്കിയ ഡ്രൈവര്‍

കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഐ സി എല്‍ ഫിന്‍കോര്‍പ് സി എം ഡി കെ.ജി.അനില്‍കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍, ദേവി അജിത്, ബിജു സോപാനം, കലാഭവന്‍ പ്രജോദ്, കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. പുതുമുഖ താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് ചിത്രത്തിലെ നായിക. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്.