ഹൈദരാബാദിനെതിരെ വിജയം കൊയ്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്

January 6, 2020

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍പ്പന്‍ ജയം. ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ്. മൂന്ന് പോയിന്റിന്റെ വില നന്നായി അറിയാവുന്ന അവസാന സ്ഥാനക്കാര്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയം നേടി. ഇതോടെ 11 കളിയില്‍ നിന്നായി 11 പോയിന്റുകളോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേയ്ക്ക് മുന്നേറുകയും ചെയ്തു.

ഹൈദരബാദിനെതിരെ നടന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നായകന്‍ ഓഗ്ബച്ചെ ഇരട്ടഗോള്‍ നേടിക്കൊണ്ട് വിജയത്തിന് മാറ്റുകൂട്ടി. നായകന് പുറമെ ഡ്രൊബാരോ, മെസി, സെയ്ത്യസെന്‍ സിങ് എന്നിവരും കേരളാ ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി ഗോളുകള്‍ നേടി വിജയമുറപ്പിച്ചു. ഹൈദരബാദിനെ തകര്‍ത്തതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.

Read more: ദർബാറിൽ കത്രികവച്ച് സെൻസർ ബോർഡ്; ചിത്രം ജനുവരി 9 ന് തിയേറ്ററുകളിലേക്ക്

തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങളില്‍ ജയം അറിയാതിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ശക്തമായ തിരിച്ചുവരവിനാണ് ആരാധകര്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്. സ്വന്തം തട്ടകമായ കൊച്ചി ജവര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഹൈദരബാദ് എഫ്‌സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ ഗാലറി ആവേശപൂര്‍വ്വം കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയ് വിളിച്ചു.

മത്സരത്തിന്റെ പതിനാലാം മിനിറ്റില്‍ ഹൈദരാബാദാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ ആ ഒരു ഗോള്‍ മാത്രമാണ് മത്സരത്തിന്റെ അവസാനം വരെ ഹൈദരബാദിന് ഉണ്ടായിരുന്നതും. ഹൈദരബാദിന്റെ ഒരു ഗോളിന് പിന്നാലെ 33-ാം മിനിറ്റില്‍ നായകന്‍ ഓഗ്‌ബച്ചെയിലൂടെ കേരളാ ബ്ലാസ്റ്റ്‌ഴ്‌സ് സമനില ഗോള്‍ നേടി. പിന്നീടങ്ങോട്ട് ഒന്നിന് പിന്നാലെ നാല് ഗോളുകളും നേടി കേരളാ ബ്ലാസ്‌റ്റേഴ്‌സ് കൂറ്റന്‍ ജയം സ്വന്തമാക്കി.