കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു

January 30, 2020

ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തിയ കൊറോണ വൈറസിന്റെ സാന്നിധ്യം കേരളത്തിൽ സ്ഥിരീകരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ പ്രസ് റിലീസിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വുഹാൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും എത്തിയ വിദ്യാർഥിയിലാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. അതേസമയം ഈ കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. എന്നാൽ ഇക്കാര്യം കേരളത്തിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

ചൈനയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി. വിവിധ രാജ്യങ്ങളിലായി 7711 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ചൈന ഉള്‍പ്പടെ 19 രാജ്യങ്ങളിലാണ് കൊറൊണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധ തടയാന്‍ ലോകം അതീവ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിരവധി പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ടെങ്കിലും കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ വാക്‌സിനോ മരുന്നോ ഇതുവരെ കണ്ടെത്താനാകാത്തതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു. വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയും കനത്ത ജാഗ്രതയിലാണ്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ആരോഗ്യവകുപ്പ് കൃത്യമായ പരിശോധനകള്‍ നടത്തുന്നുണ്ട്.

പൊതുവെ മൃഗങ്ങളില്‍ കാണപ്പെടുന്ന വൈറസുകളാണ് കൊറോണ വൈറസ്. വളരെ വിരളമായി മാത്രം മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന ഇത്തരം വൈറസുകള്‍ സൂനോട്ടിക് എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ ശ്വസന സംവിധാനങ്ങളെയാണ് ഇവ പൊതുവെ ബാധിക്കുന്നത്. ഇത് സാര്‍സ്, മെര്‍സ് എന്നീ രോഗങ്ങള്‍ക്കും കാരണമാകും.

പനി, ചുമ, ശ്വാസതടസം, ജലദോഷം, ക്ഷീണം എന്നിവയാണ് കൊറോണ വൈറസ് ബാധിച്ചാല്‍ ആദ്യ ഘട്ടത്തില്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍, ന്യൂമോണിയ ബാധിക്കാനും സാധ്യതയുണ്ട്. വൈറസ് ശരീരത്തില്‍ കടന്നുകഴിഞ്ഞ് ഏകദേശം പത്ത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങൂ. 56 ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ പീരീഡ്.

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പടരും. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുക വഴിയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്.