പുതിയ ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ മൈക്കിളായി കുഞ്ചാക്കോ ബോബന്
പുതിയ ചിത്രത്തിനുവേണ്ടിയുള്ള കുഞ്ചാക്കോ ബോബന്റെ മേക്ക്ഓവര്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ചാര്‍ലി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന് മാര്ട്ടിന് പ്രക്കാട്ട് ഒരുക്കുന്ന ചിത്രത്തിലാണ് താരം പ്രധാന കഥാപാത്രമായെത്തുന്നത്.
സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ മൈക്കിള്‍ ആണ് ചിത്രത്തിലെ കുഞ്ചാക്കോ ബോബന് കഥാപാത്രം. ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. ഇരുവര്‍ക്കും പുറമെ നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത ‘ഫ്ളവേഴ്സ് ഉപ്പും മുളകും’ പരിപാടിയില്‍ ബാലുവിന്റെ അമ്മയായെത്തുന്ന ശാരദ(മനോഹരി)യും കുഞ്ചാക്കോ ബോബനൊപ്പം ലൊക്കേഷന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ജോജു ജോര്‍ജിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം നിര്‍വഹിച്ച ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് പുതിയ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അന്‍വര്‍ അലിയാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത്. സംവിധായകന് രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന് പിക്ചേഴ്സും മാര്ട്ടിന് പ്രക്കാട്ട് ഫിലുംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.