‘മറിയം വന്ന് വിളക്കൂതി’ തിയേറ്ററുകളിലേക്ക്; ശ്രദ്ധേയമായി പ്രൊമോ ഗാനം

January 30, 2020

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികവോടെ അവതരിപ്പിക്കുന്ന സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. ചിത്രം നാളെ മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ പുതിയ പ്രൊമോ ഗാനം പുറത്തിറങ്ങി. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. റേഡിയോ ജോക്കി, സഹ സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ ജെനിത് കാച്ചപ്പിള്ളിയുടെ ആദ്യ സംവിധാന സംരംഭം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു രാത്രിയിലെ മൂന്ന് മണിക്കൂറ് സമയത്ത് സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത്. അതേസമയം ഒരു കോമഡി എന്റര്‍ടെയ്‌നറാണ് ‘മറിയം വന്ന് വിളക്കൂതി’.

Read more: കൊടും മഞ്ഞില്‍ അകപ്പെട്ട് പൂച്ചകുട്ടികള്‍; ചൂടുകാപ്പിയൊഴിച്ച് രക്ഷപ്പെടുത്തി രക്ഷകന്‍: വൈറല്‍ വീഡിയോ

അടുത്തിടെ ചിത്രത്തിലെ രസകരമായ മറ്റൊരു ഗാനവും പുറത്തെത്തിയിരുന്നു. ‘തല തെറിച്ചൊരു ആള്‍ക്കൂട്ടം’ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നതും. മനോഹരമാണ് ഈ സൗഹൃദഗാനം.

ത്രില്ലര്‍ സ്വഭാവമുള്ള കോമഡി ചിത്രമാണ് മറിയം വന്ന് വിളക്കൂതി. സിജു വില്‍സണിന് പുറമെ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. തിയേറ്ററുകളില്‍ ശ്രദ്ധ നേടിയ ‘ഇതിഹാസ’ എന്ന ചിത്രത്തിന്റെ നിര്‍മാതാവായ രാജേഷ് അഗസ്റ്റ്യനാണ് ‘മറിയം വന്ന് വിളക്കൂതി’ എന്ന ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.