രജനികാന്ത് വീണ്ടും പോലീസ് കഥാപാത്രമായതിനെക്കുറിച്ച് സംവിധായകന്‍ എ ആര്‍ മുരുഗദോസ്

January 9, 2020

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയാണ് ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തിയ ‘ദര്‍ബാര്‍’. രജനികാന്ത് പോലീസ് കമ്മീഷണറായെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. 1992-ല്‍ പ്രദര്‍ശനത്തിനെത്തിയ ‘പാണ്ഡ്യന്‍’ എന്ന ചിത്രത്തിന് ശേഷം സ്റ്റൈല്‍ മന്നന്‍ രജനികാന്ത് പോലീസുകാരനായെത്തുന്ന ചിത്രമാണ് ‘ദര്‍ബാര്‍’.

ദര്‍ബാറില്‍ രജനികാന്ത് പോലീസ് കഥാപാത്രമായെത്തിയതിനെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ എ ആര്‍ മുരുഗദോസും ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിയേറ്ററുകളിലെത്തിയ രജനികാന്തിന്റെ പോലീസ് കഥാപാത്രങ്ങള്‍ക്ക് അത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് രജനികാന്ത് അത്തരം വേഷങ്ങള്‍ വേണ്ടെന്നുവെച്ചതെന്ന് എ ആര്‍ മുരുഗദോസ് പറയുന്നു. എന്നാല്‍ രജനികാന്തിന്റെ ആ നിര്‍ഭാഗ്യം ദര്‍ബാറോടുകൂടി മാറണം എന്നാണ് സംവിധായകന്‍ പറയുന്നത്. തന്നില്‍ അദ്ദേഹത്തിന് വിശ്വാസമുള്ളതുകൊണ്ടാണ് ദര്‍ബാറില്‍ താരം പോലീസുകാരനായി അഭിനയിക്കാന്‍ തയാറായതെന്നും എ ആര്‍ മുരുഗദോസ് വ്യക്തമാക്കുന്നു.

Read more: ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങള്‍; പുതിയ ചിത്രവുമായി മാര്‍ട്ടിന്‍ പ്രക്കാട്ട്‌

അതേസമയം നയന്‍താരയാണ് ദര്‍ബാറില്‍ രജനികാന്തിന്റെ നായികാ കഥാപാത്രമായെത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര എ ആര്‍ മുരഗദോസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ദര്‍ബാറിനുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ‘ഗജിനി’ ആയിരുന്നു നയന്‍താരയും മുരുഗദോസും ഒരുമിച്ച അവസാന ചിത്രം. അതേസമയം രജനികാന്തിനോടൊപ്പമുള്ള നയന്‍താരയുടെ നാലാമത്തെ ചിത്രമാണ് ‘ദര്‍ബാര്‍’. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നിവയാണ് രജനീകാന്തും നയന്‍താരയും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തിയ മറ്റ് മൂന്ന് ചിത്രങ്ങള്‍.

സന്തോഷ് ശിവനാണ് ‘ദര്‍ബാര്‍’ എന്ന സിനിമയുടെ സിനിമാറ്റോഗ്രഫി നിര്‍വഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനികാന്തിനായി സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മികവാര്‍ന്നതാണ് ദര്‍ബാറിലെ ഓരോ ദൃശ്യങ്ങളും. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.