ഒമാനില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയാല്‍ ഇനി ജയില്‍ ശിക്ഷ

January 8, 2020

ഒമാനില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നു. ഡ്രോണുകള്‍ക്ക് പുറമെ അനുമതിയില്ലാതെ റിമോട്ട് നിയന്ത്രിത ചെറു വിമാനങ്ങള്‍ പറത്തുന്നവര്‍ക്കെതിരെയും കടുത്ത ശിക്ഷ നടപടികള്‍ സ്വീകരിക്കും. പബ്ലിക് പ്രോസിക്യൂഷന്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം യാത്രാ വിമാനങ്ങളില്‍ അനുമതിയില്ലാതെ തീ പിടിക്കുന്ന വസ്തുക്കളും ആയുധങ്ങളും കൊണ്ടുപോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും 15000 ഒമാനി റിയാല്‍ മുതല്‍ 50000 ഒമാനി റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും പ്രൊസിക്യൂഷന്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് സമയങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യത്തെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Read more:പൊടി വില്ലനാകുമ്പോള്‍; അറിഞ്ഞിരിക്കാം ചില കാര്യങ്ങള്‍

അതേസമയം വിമാനത്തിന് നേരെ ലേസര്‍ വെളിച്ചം അടക്കമുള്ളവ തെളിക്കുന്നതും വിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും മോശമായി ബാധിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളും നിരോധിച്ചുകൊണ്ടുള്ള പ്രത്യേക സിവില്‍ നിയമവും ഒമാനില്‍ കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്നിരുന്നു.