പല്ലിനും എല്ലിനും ബെസ്റ്റാണ് ഈ പഴം; അറിയാം ചില ആരോഗ്യകാര്യങ്ങൾ

January 25, 2020

മനോഹരമായ പല്ലുകൾ കോൺഫിഡൻസ് ലെവൽ വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ പല്ലുസംരക്ഷണം ഏറെ ശ്രദ്ധ ചെലുത്തേണ്ട ഒന്നുതന്നെയാണ്. രാവിലെയും വൈകിട്ടും പല്ല് തേയ്ക്കുക എന്നതാണ് പല്ല് സംരക്ഷണത്തിന്റെ ആദ്യ ഘട്ടം. എന്നാൽ പല്ല് തേയ്ക്കാൻ തിരഞ്ഞെടുക്കുന്ന ബ്രഷുകൾ വരെ ഏറെ ഗൗരവത്തോടെ വേണം തിരഞ്ഞെടുക്കാൻ. കാരണം കട്ടിയുള്ള ബ്രഷുകൾ ഉപയോഗിച്ച് പല്ലു തേയ്ക്കുന്നതോടെ പല്ലിൽ അടങ്ങിയിരിക്കുന്ന ഇനാമൽ നഷ്ടമാകും. അതുപോലെ പല്ലിൽ ഉണ്ടാകുന്ന പുളിപ്പ്, പല്ലിലെ പൊത്തുകൾ, പല്ല് വേദന എന്നിവ വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്.

പല്ലിന്റെ സംരക്ഷത്തിന് ഓറഞ്ച് കഴിക്കുന്നത് ശീലമാക്കാം. വിറ്റാമിന്‍ സി യുടെ കലവറയാണ് ഓറഞ്ച്. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടി രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ വിറ്റാമിന്‍ സി വളരെ അത്യാവശ്യമാണ്. ഓറഞ്ച് ജ്യൂസ് ശീലമാക്കുന്നതോടെ പല്ലുകൾക്കുണ്ടാകുന്ന ബലക്ഷയം, പല്ലുവേദന, പല്ലിൽ ഉണ്ടാകുന്ന അസ്വസ്തതകൾ എന്നിവ മാറുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഓറഞ്ചിലെ കാത്സ്യവും വിറ്റമിന്‍ സിയും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം  ജലദോഷം, ക്ഷയം, ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവ ബാധിച്ചവര്‍ ഓറഞ്ച് ജ്യുസില്‍ ഒരു നുള്ള് ഉപ്പും ഒരു സ്പൂണ്‍ തേനും കലര്‍ത്തി സേവിച്ചാല്‍ കഫം പുറന്തള്ളാനും രോഗശമനശേഷി കൂട്ടാനും സഹായിക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.

ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, എ, പൊട്ടാസിയം എന്നിവ കണ്ണിനും കാഴ്ചയ്ക്കും വളരെ ആവശ്യമാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വയറിന്റെ ആരോഗ്യത്തിനും അവിഭാജ്യഘടകമാണ്. ഇവ വയറിനുള്ളിലെ അള്‍സറിനെയും മലബന്ധത്തെയും തടയും. സോഡിയം, മഗ്നീഷ്യം, കോപ്പര്‍, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്ഫറസ് എന്നിവയും ജീവകം എ, ബി, സി മുതലായവയും ഓറഞ്ചില്‍ നല്ല തോതിലുണ്ട്.

പ്രായമേറുന്നതിന് അനുസരിച്ച്‌ ചര്‍മ്മത്തിന് പല മാറ്റങ്ങളും സംഭവിക്കാം. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്‍സും വിറ്റാമിന്‍ സിയും ഇത്തരം മാറ്റങ്ങളെ ഒരു പരിധിവരെ തടയുകയും അങ്ങനെ ചര്‍മത്തില്‍ പ്രായം തോന്നിക്കാതെ ചെറുപ്പമായിരിക്കാനും ഇത് സഹായിക്കുന്നു.