‘ഞങ്ങൾക്കെല്ലാവർക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു’- താര സംഗമത്തിനെ കുറിച്ച് വ്യക്തമാക്കി സിദ്ദിഖ്
എൺപതുകളിലെ താരങ്ങൾ ഭാഷാഭേദമില്ലാതെ ഒത്തുചേരുന്ന കൂട്ടായ്മയാണ് ക്ളാസ് ഓഫ് എയ്റ്റീസ്. വർഷങ്ങളായി നടക്കുന്ന ഈ കൂട്ടായ്മയുടെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസം ഒരു അപൂർവ സംഗമം മലയാള സിനിമയിലും നടന്നു. നടൻ സിദ്ദിഖിന്റെ വീട്ടിൽ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ ഒത്തു ചേർന്നു.
ഒരു അത്താഴ വിരുന്നാണ് നടന്നതെന്ന് താരരാജാക്കന്മാരെല്ലാം ഒറ്റ ഫ്രെയിമിൽ വന്ന ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ കുറിച്ചിരുന്നു. ആരാധകരെല്ലാം ഒന്നടങ്കം അമ്പരന്ന ഈ താരസംഗമത്തിന്റെ കൂടുതൽ വിവരങ്ങൾ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കു വയ്ക്കുകയാണ് വിരുന്നൊരുക്കിയ സിദ്ദിഖ്.
സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
‘ഇന്നലത്തെ ദിവസത്തിനു അങ്ങനെ പ്രത്യേകതകൾ ഒന്നും ഉണ്ടായിരുന്നില്ല, എങ്കിൽ പോലും എന്റെ ക്ഷണം സ്വീകരിച്ച് എന്റെ സഹപ്രവർത്തകരായ മമ്മൂക്ക, മോഹൻലാൽ, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ചാക്കോച്ചൻ ഇവരെല്ലാവരും ഇന്നലെ എന്റെ വീട്ടിലെത്തി..ഞങ്ങൾക്കെല്ലാവർക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു.. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ലാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ട് രാത്രി ഒരുമണിയോടുകൂടെ ഞങ്ങൾ പിരിഞ്ഞു…
വീണ്ടും ഇതുപോലെ ഒരു സ്ഥലത്ത് ഇനിയും കൂടണം.. ഇനിയും ഇതിൽ കൂടുതൽ കൂടുതൽ ആളുകളെ ക്ഷണിക്കണം, നമ്മുക്കെല്ലാവർക്കും ഇതുപോലെ ഇടക്കിടക്ക് സൗഹൃദപരമായ കൂടിച്ചേരലുകൾ ഉണ്ടാവണം എന്ന തീരുമാനത്തിൽ ഞങ്ങൾ പിരിഞ്ഞു’.
താരങ്ങളുടെ പേരിൽ പരസ്പരം കൊമ്പുകോർക്കുന്ന ആരാധകർക്ക് ഒരു മറുപടി കൂടിയായിരുന്നു ഈ ഒത്തുചേരൽ. ‘നമോ’ എന്ന സംസ്കൃത ചിത്രത്തിന്റെ ഗെറ്റപ്പിലാണ് ജയറാം ഒത്തുചേരലിൽ പങ്കെടുത്തത്. ‘കേശു ഈ വീടിന്റെ നടൻ’ എന്ന സിനിമയുടെ ലുക്കിലാണ് ദിലീപും എത്തിയത്. ‘അഞ്ചാം പാതിര’യുടെ വിജയം കുഞ്ചാക്കോ ബോബൻ താരങ്ങൾക്കൊപ്പവും ആഘോഷിച്ചു.