‘ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്’- ‘ഇന്ത്യൻ 2’ സെറ്റിൽ നടന്ന അപകടത്തിൽ അനുശോചനമറിയിച്ച് കാജൽ

February 20, 2020

‘ഇന്ത്യൻ 2’ന്റെ ചിത്രീകരണത്തിനിടെയുണ്ടായ അപകടം അക്ഷരാർത്ഥത്തിൽ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് പേരാണ് ക്രയിൻ തകർന്ന് മരണപ്പെട്ടത്. കമൽഹാസനടക്കമുള്ള ‘ഇന്ത്യൻ 2’ന്റെ ഭാഗമായുള്ള അഭിനേതാക്കൾ അനുശോചനം അറിയിച്ച് രംഗത്ത് വന്നു. ഇപ്പോൾ ചിത്രത്തിലെ നായികയായ കാജൽ അഗർവാളും ദുഃഖം അറിയിക്കുകയാണ്.

‘അപ്രതീക്ഷിതമായ ഒരു അപകടം കൊണ്ട് വന്ന നഷ്ടം, അതുണ്ടാക്കിയ ഹൃദയവേദന, ഇവയൊന്നും വിവരിക്കാന്‍ വാക്കുകള്‍ ഇല്ല. എന്റെ സഹപ്രവര്‍ത്തകര്‍ കൃഷ്ണ, ചന്ദ്രന്‍, മധു എന്നിവരുടെ കുടുംബത്തിന് സ്‌നേഹവും ശക്തിയും അനുശോചനവും അറിയിക്കുന്നു. സങ്കടത്തിന്റെ ഈ നിമിഷത്തില്‍ ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും ഇത് ട്വീറ്റ് ചെയ്യുന്നതും. ജീവിതം, സമയം എന്നിവയെ കുറിച്ച് വിലയേറിയ പാഠങ്ങള്‍ പഠിച്ചു, അവയെ വിലമതിക്കാനും പഠിച്ചു’. കാജൽ കുറിക്കുന്നു.

Read More:‘എനിക്ക് നഷ്ടമായത് പ്രിയപ്പെട്ട സഹപ്രവര്‍ത്തകരെ’; ലൊക്കേഷനിലെ അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ട സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി കമല്‍ഹാസന്‍

സംവിധാന സഹായികളായ മധു (29), കൃഷ്ണ (34), നൃത്ത സഹസംവിധായകന്‍ ചന്ദ്രന്‍ (60) എന്നിവരാണ് മരണപ്പെട്ടത്. സംവിധായകന്‍ ശങ്കര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് അപകടത്തെ തുടര്‍ന്ന് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.