നടുക്കം മാറാതെ ചെർണോബിൽ; മഹാദുരന്തത്തിന്റെ അവശേഷിപ്പുകൾ ബാക്കിനിൽക്കുമ്പോൾ…

February 27, 2020

ലോകം മുഴുവൻ സ്തംഭിച്ചുനിന്ന നിമിഷങ്ങൾ… ഇനിയെന്തുചെയ്യണമെന്നോ… എന്താണ് സംഭവിച്ചതെന്നോ മനസിലാകാതെ നിസഹായരായി ഒരു നഗരം നശിക്കുന്നത് ഭീതിയോടെ നോക്കിനിന്ന നാളുകൾ… ഇന്നും ഞെട്ടലോടെ മാത്രം ഓർത്തെടുക്കാൻ സാധിക്കുന്ന ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തം… ചെർണോബിൽ ആണവ ദുരന്തം. 1986 ഏപ്രിൽ 26- നാണ് ചെർണോബിൽ ആണവ ദുരന്തം നടന്നത്.

അറിയാം ചെർണോബിൽ നഗരത്തെ

യുക്രൈനിലാണ് ചെർണോബിൽ സ്ഥിതി ചെയ്യുന്നത്. സോവിയറ്റ് യൂണിയന്റെ ആണവ നിലയമാണ് ചെർണോബിൽ. 1977 സെപ്റ്റംബർ 26-നാണ് ചെർണോബിൽ റിയാക്ടർ പ്രവർത്തനം ആരംഭിച്ചത്. ചെർണോബിലിൽ നാല് ആണവ റിയാക്ടറുകൾ ഉണ്ടായിരുന്നു. വലിയ തോതിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാണ് ഇവ ഉപയോഗിച്ചിരുന്നത്. യുറേനിയം 235 ഉപയോഗിച്ചാണ് റിയാക്ടർ പ്രവർത്തിച്ചിരുന്നത്. നിശ്ചിത വേഗത്തിൽ ന്യൂട്രോണുകൾ പതിപ്പിക്കുന്നതിലൂടെ വലിയ തോതിൽ ഊർജം പുറപ്പെട്ടിരുന്നു. നിയന്ത്രിത ചെയിൻ റിയാക്ഷൻ വഴി ഇവിടെ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നു. സോവിയറ്റ് യൂണിയൻ സ്വന്തമായി വികസിപ്പിച്ച ആർ.ബി.എം.കെ റിയാക്ടറുകളാണ് ചെർണോബിലിൽ ഉപയോഗിച്ചിരുന്നത്. ചിലവ് കുറഞ്ഞതും സമ്പുർണ്ണ യുറേനിയം ആവിശ്യം ഇല്ലാത്തതുമായ റിയാക്ടറുകളാണ് ആർ.ബി.എം.കെ

ചെർണോബിൽ ആണവ ദുരന്തം

ഹിരോഷിമ ആണവ ആക്രമണത്തേക്കാൾ നൂറു മടങ്ങ് ശക്തമായിരുന്നു ചെർണോബിൽ ദുരന്തം. 90 ലക്ഷത്തിലധികം ആളുകളെ ഈ ദുരന്തം ബാധിച്ചു. ഇതിന്റെ ഫലമായി ജനിതക വൈകല്യമുള്ള മനുഷ്യരും മൃഗങ്ങളും പിറന്നു. ദുരന്ത സമയത്തു ചെർണോബിലിൽ ഇരുന്നൂറു ടൺ ആണവ ഇന്ധനവും രാസ പദാർത്ഥങ്ങളും ഉണ്ടായിരുന്നു. 7.300 വർഷങ്ങൾ കഴിഞ്ഞാലും ചെർണോബിലിൽ ന്യൂക്ലിയർ റിയാക്ഷൻ അവസാനിക്കുകയില്ലെന്ന് ശാസ്ത്രം വിധിയെഴുതി. ഇപ്പോഴും ഒരു ചെറിയ മനുഷ്യ സമൂഹം അവിടെ ജീവിക്കുന്നുണ്ട്.

നാലാം നമ്പർ ആണവ റിയാക്ടറിൽ പരീക്ഷണം നടത്തുന്നതിനിടെയാണ് ആണവ ദുരന്തം സംഭവിച്ചത്. വിദഗ്ധരല്ലാത്ത ശാസ്ത്രജ്ഞരുടെ ഇടപെടൽ മൂലം റിയാക്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. തെർമൽ റൺ എവേ, റിയാക്ടർ പോയിസനിങ്, നിയന്ത്രിക്കാനാവാത്ത ചെയിൻ റിയാക്ഷൻ തുടങ്ങിയതാണ് ദുരന്തത്തിന് കാരണമായത്.

ചെർണോബിൽ ദുരന്തം പുറംലോകം അറിഞ്ഞത്:

ചെർണോബിൽ ദുരന്തം സോവിയറ്റ് യൂണിയൻ ആദ്യം പുറത്തുവിട്ടിരുന്നില്ല. സ്വീഡനിലെ ഫോഴ്സ്മാർക്ക്‌ ആണവ നിലയമാണ് ദുരന്തം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ചെർണോബിൽ നിന്നും 1160 കിലോമീറ്റർ ദൂരെയാണ് സ്വീഡനിലെ ഫോഴ്സ്മാർക്ക്‌. അന്തരീക്ഷത്തിലെ റേഡിയേഷന്റെ അളവ് കൂടിയതാണ് സ്വീഡനിൽ സംശയം ജനിപ്പിച്ചത്. റേഡിയേഷൻ വികിരണങ്ങൾ കാറ്റിലൂടെ സഞ്ചരിച്ച് സ്വീഡനിൽ എത്തുകയായിരുന്നു. ചെർണോബിലിന് ചുറ്റും 30 കിലോമീറ്റർ ചുറ്റളവിൽ ജനങ്ങളെ മാറ്റി പാർപ്പിച്ചു.

പ്രിപ്യറ്റ് നഗരം

പ്രിപ്യറ്റ് എന്ന നഗരമാണ് ദുരന്തം കൂടുതൽ അനുഭവിച്ചത്‌.
ചെർണോബിൽ ആണവ നിലയത്തിൽ തൊഴിൽ ചെയ്തിരുന്നവർക്കു വേണ്ടി നിർമിക്കപ്പെട്ട നഗരമായിരുന്നു പ്രിപ്യറ്റ്. പ്രിപ്യറ്റ് ഇന്ന് പ്രേത നഗരം എന്നറിയപ്പെടുന്നു. ലക്ഷകണക്കിന് ജനങ്ങളാണ് പ്രിപ്യറ്റിൽ നിന്നും ജീവനുംകൊണ്ട് പാലായനം ചെയ്തത്.

വിഷലിതമായ കാടും മണ്ണും

ചെർണോബിലിൽ നിന്നുണ്ടായ റേഡിയേഷൻ 1300 കിലോമീറ്റർ വരെ വ്യാപിച്ചു. റേഡിയേഷൻ കിരണങ്ങൾ കാടും മണ്ണും വിഷലിതമാക്കി. ഇതോടെ കാൻസർ അടക്കമുള്ള മാരക രോഗങ്ങൾ പടർന്നു പിടിച്ചു. സോവിയറ്റ് യൂണിയനിൽ മാത്രം ഈ കാലയളവിൽ 5000 പേർ മരണമടഞ്ഞു. പത്തു ലക്ഷം ആളുകൾ കാൻസർ ബാധിതരായി. നാല് ലക്ഷം പേർക്ക് ഭവനങ്ങൾ നഷ്ടമായി. നിരവധി നഗരങ്ങളും ഗ്രാമങ്ങളും നശിച്ചു.

ചെർണോബില്ലിലെ ഹീറോസ്

ദുരന്തം ബാധിച്ചതോടെ ചെർണോബിലിന് 30 കിലോമീറ്റർ പരിധിയിൽ എക്‌സ്‌ക്ലൂസീവ് മേഖലയാക്കി മാറ്റി. ‘സാർകോഫാഗസ്’ എന്നറിയപ്പെടുന്ന താത്കാലിക കവചം നിർമിച്ച് റേഡിയേഷൻ തടയാൻ ശ്രമിച്ചു. ദുരന്തം പടരാതിരിക്കാൻ നിരവധി ആളുകൾ ചെർണോബിലിൽ എത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. സാധാരണ ജനങ്ങൾ തുടങ്ങി പട്ടാളം വരെ ഇതിനായി മുന്നോട്ട് വന്നു. റേഡിയേഷന് വിധേയമായ മണ്ണും മറ്റു വസ്തുക്കളും അവർ സംസ്കരിച്ചു. സ്വന്തം ജീവനെ മറന്ന് ലോകത്തെ രക്ഷിക്കുവാനായി പ്രവർത്തിച്ചവരാണ് ചെർണോബിലിലെ ജനങ്ങൾ.

ചെർണോബിൽ ഇന്ന്

ചെർണോബിൽ ഇന്ന് ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ചെർണോബിൽ ദുരന്തത്തെ ആസ്പദമാക്കി സിനിമകളും വെബ്‌സീരിസുകളും പുറത്തിറങ്ങി.