വിശപ്പും ഭക്ഷണത്തിന്റെ രുചിയും…അറിയാം ചില ആരോഗ്യ കാര്യങ്ങൾ
പൊതുവെ മനുഷ്യർ ഭക്ഷണപ്രിയരാണ്. ഒരാളുടെ മനസ്സിലേക്ക് എളുപ്പത്തിൽ എത്താനുള്ള വഴി ആഹാരമാണെന്നു പറയാറുണ്ട്. ആരോഗ്യമായി ഇരിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനുമൊക്കെ ഭക്ഷണത്തിനു സാധിക്കും. ഒരാളുടെ ജീവിത രീതി നിയന്ത്രിക്കപ്പെടുന്നത് തന്നെ അവർ കഴിക്കുന്ന ആഹാരത്തിന്റെ വൈവിധ്യം കൊണ്ടാണ്. വിശന്നാൽ പിന്നെ കണ്ണ് കാണില്ല എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ? അതുപോലെ, വിശപ്പിന്റെ സമയത്ത് ആഹാരങ്ങൾക്ക് രുചി കൂടുതൽ തോന്നാറുണ്ട്.
ഇതിന് കാരണം എന്താണെന്നു ചിന്തിച്ചിട്ടുണ്ടോ? വിശന്നിരിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ രുചി വിശപ്പ് മാറുമ്പോൾ തോന്നില്ല. അതിന്റെ പിന്നിലെ ശാസ്ത്രീയ വശം ഇങ്ങനെയാണ്. വിശപ്പ് കൂടുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിന്റെ മധുരവും കൂടും. എത്ര കയ്പ്പുള്ള ഭക്ഷണമായാലും ആസ്വദിച്ച് കഴിക്കാൻ സാധിക്കും ആ സമയം.
തലച്ചോറിലെ ഹൈപ്പോ തലാമസിലെ ന്യൂറൽ സർക്യൂട്ടിന്റെ അറേഞ്ച്മെന്റ് ആണ് ഇതിനു പിന്നിലെ രഹസ്യം. ഭക്ഷണത്തിന്റെ സ്വാദും മനസ്സിന്റെ വികാരങ്ങളുമൊക്കെ അനുസരിച്ചാണ് ന്യൂറൽ സർക്യൂട്ട് പ്രവർത്തിക്കുന്നത്. ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജിക്കൽ സയൻസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.