അതിവേഗത്തിൽ ഉരുകിയൊലിച്ച് അന്റാർട്ടിക്ക; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ

February 24, 2020

താപനില അതിശയിപ്പിക്കുന്ന തരത്തിൽ ഉയരുകയാണ്. ലോകമെമ്പാടും ഈ ഉയർന്ന നിലയിലുള്ള ചൂട് വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. ഏറ്റവുമധികം ഈ ഭീകരത വെളിവാകുന്നത് അന്റാർട്ടിക്കയിലാണ്. അതിവേഗത്തിലാണ് അന്റാർട്ടിക്കയിൽ മഞ്ഞുരുകികൊണ്ടിരിക്കുന്നത്.

ദിവസങ്ങളുടെ വ്യത്യാസത്തിൽ അന്റാർട്ടിക്കയുടെ മഞ്ഞുരുകൽ അതിവേഗം നടക്കുന്നതായി ആകാശ ദൃശ്യങ്ങളാണ് വ്യക്തമാക്കുന്നത്. ഫെബ്രുവരി നാലിന് മഞ്ഞുരുകി തുടങ്ങുന്ന സമയത്തും ഫെബ്രുവരി പതിമൂന്നിനും പകർത്തിയ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ഈഗിൾ ഐലന്റിന്റെ ചിത്രമാണ് മഞ്ഞുരുകലിന്റെ ഭീകരത വെളിവാക്കുന്നത്.

വെറും ഒൻപതു ദിവസത്തെ വ്യത്യാസത്തിൽ 20 ശതമാനമാണ് മഞ്ഞുരുകി തീർന്നിരിക്കുന്നത്. പതിമൂന്നാം തീയതിയിലെ ചിത്രത്തിൽ ഐലന്റിലെ തടാകം വരെ വ്യക്തമായി കാണാൻ സാധിക്കും. അമേരിക്കൻ ഉപഗ്രഹമായ ലാൻഡ്സാറ്റ് 8 ലെ ഓപറേഷണൽ ലാൻഡ് ഇമേജർ ആണ് ചിത്രങ്ങൾ പകർത്തിയത്.

Read More:‘ആ രംഗം ‘ലൂസിഫറി’ന്റെ കോപ്പിയല്ല, എന്റെ തന്നെ മറ്റൊരു സിനിമയിലെ രംഗമാണ്’- വിമർശനങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി

ദീർഘകാലത്തേക്ക് താപനില ഉയർന്ന് മഞ്ഞുരുകുന്നതാണ് പ്രതിസന്ധിയാകുന്നത്. 2019-2020 കാലത്തെ മൂന്നാമത്തെ പ്രധാനപ്പെട്ട മഞ്ഞുരുകലാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇങ്ങനെ തുടർന്നാൽ വലിയ പ്രതിസന്ധികൾ ലോകം തന്നെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നാസ സൂചിപ്പിക്കുന്നു.