ഉപ്പും മുളകിലെ മാധവൻ തമ്പിയിൽ നിന്നും പൃഥ്വിയുടെ കുമാരേട്ടനിലേക്ക്…

February 11, 2020

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം. പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ ഓരോ കാഥാപാത്രങ്ങളും മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. തിയേറ്റർ വിട്ടിറിങ്ങിയാലും ചില കഥാപാത്രങ്ങൾ കൂടെക്കൂടും എന്ന് പറഞ്ഞു കേൾക്കാറില്ലേ.. അത്തരത്തിൽ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയിരിക്കുകയാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ കുമാരൻ എന്ന കഥാപാത്രം.

ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ എന്ന പരിപാടിയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ താരമാണ് കോട്ടയം രമേശ്. മാധവൻ തമ്പി എന്ന കഥാപാത്രമായി മിനി സ്‌ക്രീനിൽ തിളങ്ങിയ താരം വെള്ളിത്തിരയിൽ എത്തുമ്പോൾ മികച്ച കൈയടിയാണ് ലഭിക്കുന്നത്.

ചിത്രത്തിൽ പൃഥ്വിരാജിന്റെ ഡ്രൈവറായാണ് മാധവൻ തമ്പി (കോട്ടയം രമേശ് ) വേഷമിടുന്നത്. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന തിലകൻ, എൻ എൻ പിള്ള, ജഗതി ശ്രീകുമാർ എന്നിവർക്കൊപ്പം നാടകവേദികൾ പങ്കിട്ട താരമാണ് കോട്ടയം രമേശ്. അതുകൊണ്ടുതന്നെ ഈ ശക്തമായ താരങ്ങളെ ഓർമ്മിപ്പിക്കും വിധമാണ് കുമാരേട്ടനും വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുന്നത്.

അതേസമയം കുമാരേട്ടൻ എന്ന കഥാപാത്രത്തെക്കുറിച്ച് വിപിൻ നാഥ്‌ എഴുതിയ കുറിപ്പ് വായിക്കാം

“ഒന്നു പകച്ചു പോയാൽ പിന്നെ മനുഷ്യനെ പത്ത് പൈസക്ക് കൊള്ളത്തില്ല “

ഡ്രൈവർ കുമാരേട്ടൻ അല്ല കുമാരൻ എന്ന സാരഥിയുടെ ഉപദേശമാണിത്.. അതിലുപരി സൂചനയുമാണ്.. കുമാരനെ പോലെ ആത്മാർത്ഥതയും കൂറുമുള്ള തൊഴിലാളികൾ വെള്ളിത്തിരയിൽ തന്നെ വിരളമാണ്..

ചിത്രത്തിൽ കുമാരനെ കാണിക്കുമ്പോഴൊക്കെ എന്തോ മഹാനടൻ തിലകനെ ഓർത്തു പോയി.. ശബ്ദത്തിലുള്ള സാമ്യത, ചില ചേഷ്ടകൾ, ശരീരഭാഷാ അങ്ങനെ എല്ലാം കൊണ്ടും.. ഇത് ആദ്യമായല്ല “വൈറസ് ” എന്ന സിനിമയിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ആയി വന്നപ്പോഴും ഇതേ അവസ്ഥയായിരുന്നു. ഇനി തിലകൻ സാറിന്റെ അനിയനും മറ്റുമാണോ?? ചോദ്യങ്ങൾ അതിന്റെ ഉത്തരം കണ്ടെത്തി.

തിരുവനന്തപുരം സൗപർണിക, അക്ഷരകല, അശ്വതി, കോട്ടയം നാഷ്ണൽ, പാലാ കമ്മ്യൂണിക്കേഷൻസ്, പൂഞ്ഞാർ നവധാര, അരീന കൊല്ലം, എൻ. എൻ പിള്ളയുടെ വിശ്വകേരള കലാസമിതി, തൃശൂർ കലാനിലയം എന്നീ പ്രസിദ്ധ സമിതികളിലൂടെ അഹോരാത്രം തട്ടിനെ കർമമേഖലയാക്കി നാടകരംഗത്തെ മികച്ചനടനായി തീർന്ന “കോട്ടയം രമേഷ് ” എന്ന കലാകാരനാണ് അദ്ദേഹം.

ചിലർക്ക് “ഉപ്പും മുളകിലെ” മാധവൻ തമ്പിയുമാണ്. കാർബൺ, വാരികുഴിയിലെ കൊലപാതകം, ഉരിയാട്ട്, വൈറസ് എന്നീ സിനിമകളിലും ഭാഗമായ ഈ നടന്‍ ഇനിയുള്ള ചലച്ചിത്രയാത്രയിൽ മുതൽക്കൂട്ട് തന്നെയാകും “അയ്യപ്പനും കോശിയിലെ” ഡ്രൈവർ കുമാരേട്ടൻ അല്ല കുമാരൻ.. അത്ര മനോഹരമാക്കിയിട്ടുണ്ട്..