സ്റ്റൈൽ മന്നന്റെ നായികയായി വീണ്ടും നയൻസ്, ഒപ്പം കീർത്തിയും; ചിത്രം ഉടൻ

February 3, 2020

മലയാളത്തിലേയും തമിഴകത്തേയും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ വെള്ളിത്തിരയിൽ ഒന്നിച്ചെത്തി പ്രേക്ഷക മനം കവർന്ന ചിത്രമാണ് ദർബാർ. രജനികാന്തും നയൻതാരയും ഒന്നിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ വീണ്ടും ഒന്നിക്കുകയാണ്. രജനീകാന്തും നയൻ താരയും നായിക- നായകൻമാർ ആകുന്ന ചിത്രത്തിൽ ഇവരുടെ മകളായി കീർത്തി സുരേഷും വേഷമിടുന്നുവെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

രജനിയുടെ 168-ാമത്തെ ചിത്രമാണ് വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. അതേസമയം ചിത്രത്തിന്റെ പേര് ഇതുവരെ അണിയറക്കാർ വെളിപ്പെടുത്തിയിട്ടില്ല. ചിത്രം തമിഴ്‌നാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അതേസമയം നയൻതാരയും രജനീകാന്തും അവസാനമായി വെള്ളിത്തിരയിൽ ഒന്നിച്ച ചിത്രം ദർബാർ ആണ്. എ ആർ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ ആദിത്യ അരുണാചലം എന്ന കഥാപാത്രമായാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തുന്നത്. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.