പ്രണയ പശ്ചാത്തലത്തില്‍ ആസ്വാദക ഹൃദയംതൊട്ട് മനോഹരമായൊരു ഗാനം: വീഡിയോ

February 13, 2020

പാട്ടുകള്‍, എക്കാലത്തും പ്രിയപ്പെട്ടവയാണ് പലര്‍ക്കും. ചില ദു:ഖങ്ങളില്‍, ചില സന്തോഷങ്ങളില്‍, ചില ഓര്‍മ്മകളില്‍ ഇങ്ങനെ പലപ്പോഴും പാട്ടിനെ കൂട്ടുപിടിക്കുന്നവരുമുണ്ട്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ചില പാട്ടുകള്‍ പിന്നേയും പിന്നേയും മൂളി നടക്കുന്നതും ഇതുകൊണ്ടൊക്കെയാണല്ലോ. ചലച്ചിത്ര ഗാനങ്ങള്‍ മാത്രമല്ല മനോഹരമായ സംഗീത ആല്‍ബങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടാറുണ്ട്.

മനോഹരമായ ഒരു സംഗീത ആല്‍ബമാണ് പാട്ടുപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. പ്രണയാര്‍ദ്രമായ വരികളാണ് പാട്ടിലേത്. ‘പാട്ടൊന്നു പാടി…’ എന്നു തുടങ്ങുന്ന വരികള്‍ ആസ്വാദക ഹൃദയങ്ങളിലേക്ക് മനോഹരമായ ഒരു മഴ പോലെ പെയ്തിറങ്ങുന്നു. ‘അരികില്‍’ എന്നാണ് സംഗീത ആല്‍ബത്തിന്‍റെ പേര്.

വിജയ് യേശുദാസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആര്‍ദ്രമായ ആലാപനമാണ് ഗാനത്തിന്റെ പ്രധാന ആകര്‍ഷണവും. ആര്‍ ഹരിപ്രസാദാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ വി ജിജില്‍ വരികള്‍ എഴുതിയിരിക്കുന്നു. കാവ്യാത്മകമാണ് പാട്ടിലെ വരികള്‍.

ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. രാജേഷ് പട്ടത്ത്, ദിവ്യപ്രഭ എന്നിവരാണ് ഈ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. പാലക്കാട് ജില്ലാ ഒളിംപിക് അസോസിയേഷന്‍ ചെയര്‍മാന്‍കൂടിയാണ് സംഗീത ആല്‍ബത്തിലെ നായകന്‍ രാജേഷ്. അനീഷ് രാജു ആണ് സംവിധായകന്‍. റൈറ്റ് വേ കമ്മ്യൂണിക്കേഷനാണ് നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.