‘അഭിനയിക്കാന്‍ അറിയില്ലായിരുന്നു, ആത്മവിശ്വാസം പകര്‍ന്നത് പ്രേക്ഷകര്‍’: സായ് പല്ലവി

February 8, 2020

കഥാപാത്രങ്ങളെ വളരെ മനോഹരമായി അവതരിപ്പിച്ച് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ താരമാണ് സായി പല്ലവി. തെന്നിന്ത്യ ഒട്ടാകെ ആരാധകരുമുണ്ട് താരത്തിന്. സായി പല്ലവി സ്വീകരിക്കുന്ന നിലപാടുകളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ അഭിനയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. “സിനിമയിലേക്ക് വന്ന സമയത്ത് അഭിയിക്കാന്‍ അറിയില്ലായിരുന്നു. ഒരുതരം അരക്ഷിതാവസ്ഥയായിരുന്നു ചുറ്റിലും. ജനങ്ങള്‍ നല്‍കിയ പിന്തുണയും അംഗീകാരവുമാണ് അഭിനയിക്കാനുള്ള ആത്മവിശ്വാസം നല്‍കിയതെന്നും” താരം പറഞ്ഞു. ഫോബ്‌സ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഫോബ്‌സിന്റെ ’30 അണ്ടര്‍ 30′ പട്ടികയില്‍ ഇടം നേടിയ ഏക ചലച്ചിത്രതാരമാണ് സായി പല്ലവി. പട്ടികയില്‍ 27-ാം സ്ഥാനത്താണ് താരം.

അതേസമയം വെള്ളിത്തിരയില്‍ വ്യത്യസ്ത കഥാപാത്രമായി തിളങ്ങുമ്പോഴും പരസ്യചിത്രങ്ങളില്‍ അത്രകാര്യമായി പ്രത്യക്ഷപ്പെടാറില്ല സായി പല്ലവി. മാസങ്ങള്‍ക്ക് മുമ്പ് കോടികള്‍ പ്രതിഫലം നല്‍കാമെന്നറിയിച്ചിട്ടും ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ക്ഷണത്തില്‍ സായി വിസമ്മതം അറിയിച്ചതും ചലച്ചിത്ര ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ കാരണവും സായി പല്ലവി വ്യക്തമാക്കിയിരുന്നു.

Read more: മഞ്ജുവിന് ഫോൺ നമ്പറല്ല, ഫോൺ തന്നെ തരും; വേദിയെ പൊട്ടിച്ചിരിപ്പിച്ച് പാർത്ഥിപൻ, വീഡിയോ

‘ഒരു പക്ഷെ ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ചാല്‍ തനിക്ക് ലഭിക്കുന്ന വരുമാനംകൊണ്ട് കുറച്ച് ചപ്പാത്തിയോ അല്ലെങ്കില്‍ കുറച്ച് ചോറോ കഴിക്കാന്‍ സാധിച്ചേക്കാം. അത്തരം വരുമാനത്തേക്കാള്‍ ചുറ്റുമുള്ളവരുടെ സന്തോഷത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് താരം വ്യക്തമാക്കിയത്. സായി പല്ലവിയുടെ ഇത്തരം സുതാര്യമായ നിലപാടുകള്‍ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിലും ആരാധകര്‍ക്കിടയിലും കൈയടി നേടാറുണ്ട്.