കൊവിഡ്-19: നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ള സിനിമ സംഘം ജോർദാനിൽ കുടുങ്ങി

March 18, 2020

നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ള ടീം ജോർദാനിൽ കുടുങ്ങി. കൊറോണ വൈറസ് ബാധയെത്തുടർന്ന് വിമാനങ്ങൾ സർവീസ് റദ്ദാക്കിയതോടെയാണ് സിനിമ സംഘം ജോർദാനിൽ കുടുങ്ങിക്കിടക്കുന്നത്. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ ടീമാണ് ജോർദാനിൽ കുടുങ്ങി കിടക്കുന്നത്.

എന്നാൽ സിനിമ സംഘം സുരക്ഷിതരാണ്. അതേസമയം ചിത്രത്തിൽ അഭിനയിക്കുന്ന ഒമാൻ താരം ഡോ. താലിഖ് അൽ ബലൂഷി വീട്ടിൽ നിരീക്ഷണത്തിലാണ് എന്നും വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ഇതുവരെ ജോർദാനിൽ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ള ടീം നിരീക്ഷണത്തിലുണ്ട്.

ബ്ലെസ്സി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് കഥയുടെ പ്രമേയം.